ആലപ്പുഴ: ക്രിസ്മസ് ആഘോഷം കൊഴുപ്പിക്കാൻ വീട്ടിൽ വൈൻ തയാറാക്കുകയും ലൈക്കും ഷെയറും പ്രതീക്ഷിച്ച് അതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ സൂക്ഷിക്കണം,​ പിഴയും തടവും വീടുതേടിവരും.

പ്രശസ്ത യു ട്യൂബർമാർ മുതൽ സാധാരണക്കാർ വരെ ക്രിസ്മസ് കാലത്ത് അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ വൈൻ നിർമ്മാണത്തിന്റെ ആദ്യാവസാന പാഠങ്ങൾ വിശദമാക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുക പതിവാണ്. മാത്രമല്ല,​ വൈൻ തയാറാക്കാൻ പ്രേക്ഷരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. സംസ്ഥാനത്തെ അബ്കാരി നിയമത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് ഇത്തരക്കാർ വീഡിയോയും വിവരണവുമായി ഇറങ്ങിപ്പുറപ്പെടുന്നത് എന്ന് എത്രപേർക്ക് അറിയാം!

ഒരു ലക്ഷം രൂപ പിഴ മുതൽ പത്ത് വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ് ലൈസൻസില്ലാതെയുള്ള വീട്ടിലെ വൈൻ നിർമ്മാണം. നോൺ ആൽക്കഹോളിക്ക് വൈൻ എന്ന ന്യായം പറഞ്ഞ് ഒഴിയാൻ നോക്കിയാലൊന്നും രക്ഷയില്ലെന്ന് എക്സൈസ്

ഉദ്യോഗസ്ഥർ പറയുന്നു. പഴങ്ങളും പഞ്ചസാരയുമടക്കമുള്ള വിവിധ ചേരുവകളെ പുളിപ്പിച്ചെടുക്കുമ്പോൾ സ്വാഭാവികമായും ആൽക്കഹോളിന്റെ അംശം രൂപപ്പെടുമെന്നതാണ് പിടിവീഴാൻ കാരണം.

നിർമ്മാണം ലൈസൻസോടെ മാത്രം

# പഴങ്ങളിൽ നിന്നും കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ ഹോർട്ടി വൈൻ ഉത്പാദിപ്പിക്കുന്നതിന് കേരള ചെറുകിട വൈനറി ചട്ടം 2022 പ്രകാരം സംസ്ഥാനത്ത് പ്രവർത്തനാനുമതിയുണ്ട്. ധാന്യങ്ങൾ ഉപയോഗിക്കാൻ പാടില്ല.

# ബിവറേജസ് കോർപ്പറേഷൻ വഴി മാത്രമാണ് വിൽപ്പനയ്ക്ക് അനുമതി.

# വൈനറി തുടങ്ങാൻ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകണം

# കെട്ടിടം, വൈൻ നിർമ്മാണ രീതി, സംഭരണ ശേഷി, പഴങ്ങളുടെ ലഭ്യത, സാമ്പത്തിക സ്ഥിതി എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം

# ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അദ്ധ്യക്ഷനായ സാങ്കേതിക സമിതിയുടെ ശുപാർശയോടെ അപേക്ഷ സംസ്ഥാന കമ്മീഷണർക്ക് നൽകണം

ലൈസൻസ് ഫീസ് : ₹ 50,000

ബോട്ടിലിംഗ് ലൈസൻസ് : ₹ 5000

കേക്കിനുമുണ്ട് ചട്ടം

ഹോം മെയ്ഡ് കേക്ക് വിൽപ്പന നടത്തണമെങ്കിൽ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ ലൈസൻസ് നിർബന്ധം. യു ട്യൂബ് നോക്കി കേക്ക് നിർമ്മാണം പഠിച്ച പലരും വ്യാപാര രംഗത്തേക്ക് പ്രവേശിക്കുന്നുണ്ട്. ക്രിസ്മസ് - പുതുവത്സരം പ്രമാണിച്ച് പരിചയക്കാരിൽ നിന്ന് ഓർഡറും ലഭിക്കും. ഫേസ്ബുക്കും വാട്സ് ആപ്പും വഴിയാണ് വ്യാപാരം. എന്നാൽ ഇത്തരത്തിൽ അറിവില്ലായ്മ തുടർന്നാൽ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ രജിസ്ട്രേഷനും ലൈസൻസും ഏത് ഭക്ഷണം തയാറാക്കി വിൽപ്പന നടത്തണമെങ്കിലും നിർബന്ധമാണ്.

വീടുകളിൽ വൈൻ ഉത്പാദിപ്പിക്കുന്നതും വിൽപ്പന നടത്തുന്നതും ജാമ്യമില്ലാകുറ്റമാണ്. നിയമത്തെക്കുറിച്ച് അറിവില്ലാതെയാണ് പലരും വൈൻ നിർമ്മിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇടുന്നത്. പരാതി ലഭിക്കാതെ തന്നെ ഇത്തരക്കാർക്കെതിരെ കേസെടുക്കാം

- എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ, ആലപ്പുഴ