fir

കായംകുളം: നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഭിന്നശേഷിക്കാരനുമായ അജിമോൻ കണ്ടല്ലൂരിനെ നിലത്തിട്ട് ചവിട്ടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനെതിരെ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കായംകുളം മൂന്നാം കുറ്റി സ്വദേശി അനൂപ് വിശ്വനാഥനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്.

കായംകുളം നഗരത്തിൽ വച്ചാണ് തന്റെ മുച്ചക്ര വാഹനത്തിൽ നിന്ന് ഇറങ്ങി അജിമോൻ ബസിന് നേരെ കരിങ്കൊടി കാട്ടിയത്. ഉടൻ പൊലീസ് അജിമോനെ വളഞ്ഞ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ അനൂപ് ഓടിയെത്തി ചവിട്ടി നിലത്തിടുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് മേൽ സമർദ്ദമേറുകയായിരുന്നു.

പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസുകാരെ അക്രമിച്ച മറ്റു രണ്ട് സംഭവങ്ങളിലായി 16 സി.പി.എം പ്രവർത്തകരെ പ്രതികളാക്കിയും കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സുഹൈർ വള്ളികുന്നം, വിശാഖ് പത്തിയൂർ, ഭാരവാഹികളായ ദീപക്, അഫ്നാൻ എന്നിവരെ മർദ്ദിച്ച കേസിൽ സാജിദ്, അശ്വിൻ അച്ചു, അഖിൽ, അമ്പാടി, അരവിന്ദ് എന്നിവരും കണ്ടാലറിയാവുന്ന 10 പേരും പ്രതികളാണ്. പ്രതിഷേധക്കാരെ തടയാനെത്തിയ സി.പി.എം സംഘത്തിന്റെ കൈകളിൽ ഇരുമ്പു പൈപ്പ്,​ ചുറ്റിക തുടങ്ങിയ ആയുധങ്ങളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.