ചേർത്തല: ഒരു മണിക്കൂറോളം നാടിനെ വിറപ്പിക്കുകയും നിരവധി പേർക്ക് പരിക്കും വാഹനങ്ങൾ ഇടിച്ചു തകർക്കുകയും ചെയ്ത യുവാവിനെ സ്റ്റേഷൻ ജാമ്യം നൽകി രാത്രി തന്നെ വിട്ടയച്ച പൊലീസ് നടപടിയിൽ വ്യാപക അമർഷം. ചെറിയ അക്രമം നടത്തിയവരുടെ ഫോട്ടോയടക്കം പുറത്തുവിടുന്ന പൊലീസ്,​ നാടുവിറപ്പിച്ച യുവാവിന് സംരക്ഷണമൊരുക്കിയാണ് രാത്രിയോടെ ജാമ്യത്തിൽ വിട്ടത്. വാഹനം തടയാൻ ശ്രമിച്ച പൊലീസിനെ ഇടിച്ചു കൊല്ലാൻ ശ്രമിച്ചെങ്കിലും ഉന്നത ഇടപെടലിൽ മദ്യാസക്തിയിൽ പിടിയിലായ യുവാവിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ശനിയാഴ്ച അരൂക്കു​റ്റി റോഡിൽ അപകടകരമായി വാഹനമോടിച്ച് നിരവധിപേരെ ഇടിച്ചിട്ടും നിർത്താതെ പോകുകയും ഏട്ടോളം വാഹനങ്ങൾ ഇടിച്ചിടുകയും ചെയ്ത വൈക്കം ഉദയനാപുരം സ്വദേശിയായ ദീപൻനായരെയാണ് നിസാരവകുപ്പുകൾ ചുമത്തി പൊലീസ് ജാമ്യത്തിൽ വിട്ടത്. ജാമ്യം കോടതിയുടെ പരിഗണനയ്ക്ക് പോലും വിടാത്ത പൊലീസ് നടപടി ദുരൂഹതകൾക്കിടയാക്കിയിട്ടുണ്ട്. യുവാവിന്റെ ടയറില്ലാ കാറോട്ടത്തിൽ എട്ടു വാഹനങ്ങളാണ് തകർന്നത്.13 ഓളം പേർക്ക് പരിക്കുണ്ട്. ഇതിൽ പലരും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
നാടകീയമായി പിടിയിലാകുന്നതിന് തൊട്ടുമുമ്പും ഇയാൾ യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ വരെ പുറത്തായിട്ടുണ്ട്. ഇത്രയും പ്രശ്നമുണ്ടാക്കിയ യുവാവിനെയാണ് പൊലീസ് കൂളായി തടിയൂരി വിട്ടത്.
ഇതോടെ,​ അക്രമത്തിൽ പരിക്കേ​റ്റവരുടെ കഷ്ടനഷ്ടങ്ങളെല്ലാം അവരവർ സഹിക്കേണ്ട അവസ്ഥയാണ്. പരിക്കേ​റ്റ തൈക്കാട്ടുശ്ശേരിയിലെ യുവതിക്ക് പ്രതീക്ഷയായിരുന്ന പി.എസ്.സി പരീക്ഷപോലും എഴുതാനായില്ല. അരൂർ ഭാഗത്ത് ദേശീയപാതയിലെ ഇയാളുടെ പരാക്രമങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ വന്നെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് പൊലീസിന്റെ നടപടി. പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടതെന്നും ആവശ്യം വന്നാൽ വിളിച്ചുവരുത്തി വേണ്ടനടപടികൾ സ്വീകരിക്കുമെന്നുമാണ് പൊലീസ് പറയുന്നത്.