thakkoldanam

മാന്നാർ: ചെങ്ങന്നൂർ കേന്ദ്രമായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം നവകേരള സദസിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു. കരുണയുടെ ചെയർമാനും മന്ത്രിയുമായ മുളക്കുഴ മുണ്ടുചിറ വീട്ടിൽ എം.കെ.ദിവാകരനും തിരുവൻവണ്ടൂർ തൈയ്യിൽ പുത്തൻ വീട്ടിൽ കെ.എസ്.ശ്രീലതയ്ക്കുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ കൈമാറിയത്. കരുണ നിർമ്മിച്ചു നൽകുന്ന നാല്പത്തി ഒന്നാമത്തെയും നാല്പത്തി രണ്ടാമത്തെയും വീടുകളാണ് ഇവർക്ക് കൈമാറിയത്. 15 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഇരു വീടുകളും നിർമ്മിച്ചത്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ 4125 രോഗികൾക്കും 753 കിടപ്പു രോഗികൾക്കും ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പ്രവർത്തനങ്ങൾ വഴി ആശ്വാസം പകരുന്നതിനും ആവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും ഇതര ചികിത്സാ ഉപകരണങ്ങളും വീടുകളിൽ എത്തിച്ച് പരിചരണം നൽകുന്നതിനും കരുണയ്ക്ക് കഴിയുന്നുണ്ട്. സദാ സേവന സജ്ജരായ 26 നഴ്സുമാരും രണ്ടായിരത്തിലേറെ വാളണ്ടിയർമാരും ആംബുലൻസുകൾ അടക്കം 14 വാഹനങ്ങളും സേവനത്തിലുണ്ട്.