ആലപ്പുഴ: ജില്ലയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രോഗം ബാധിച്ച ഹരിപ്പാട് സ്വദേശി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എൻഡോസ്കോപ്പിക് പരിശോധനക്ക് എത്തിയതായിരുന്നു ഹരിപ്പാട് സ്വദേശി. പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുകയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും.

തണുപ്പുകാലമായതോടെ വൈറസ് രോഗവ്യാപനം വർദ്ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി എന്നിവ കൂടാതെ ഒമിക്രോൺ രൂപഭേദമായ ഇൻഫ്ളാ പൻസ് പനിയുടെ വ്യാപനമുണ്ടാകുമോയെന്നും ആശങ്കയുണ്ട്.

ഒമിക്രോണിന്റെ രൂപഭേദമായ ജെ.എൻ വൺ വൈറൽ പനിയും ഇൻഫ്ളാ പൻസിന്റെ ഗ്രൂപ്പിലാണ് ഉൾപ്പെടുന്നത്. ഇത് രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്‌തത് തിരുവനന്തപുരത്താണ്. അടുത്ത മൂന്നുമാസം ജെ.എൻ വൺ പ്രതിരോധത്തിൽ നിർണ്ണായകമാണ്.

വില്ലൻ തണുപ്പ്

വൈറസ് രോഗങ്ങൾ ശക്തിപ്രാപിക്കുന്നത് നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്.തണുപ്പ് വൈറസിന് അനുകൂല സാഹചര്യമാണ്. തണുപ്പുകാലത്ത് ഇടുങ്ങിയ മുറിയിൽ മാസ്‌ക്ക് ധരിക്കാതെ കൂടുതൽ പേർ കഴിയുന്നത് രോഗവ്യാപനത്തിന് ഇടയാക്കും.

അകലം സൂക്ഷിക്കണം

1.ക്രിസ്മസ്, പുതുവത്സരാഘോഷം, ഉത്സവങ്ങൾ,​ സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കണം.

2.വൈറസ് ബാധിതരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.ചെറിയ ചുമ പോലും നിസാരമായി കാണരുത്

3.ആഘോഷങ്ങളും ആർഭാട ആൾക്കൂട്ടവും പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം

ജാഗ്രതപ്രധാനം

# വായുവിലൂടെ പകരാൻ സാദ്ധ്യത

# മാസ്ക്ക്, സാനിറ്റൈസർ നിർബന്ധം

# പനി ബാധിതർ സ്വയം ചികിത്സ ഒഴിവാക്കണം

# ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം പാലിക്കണം

# പ്രതിരോധ മാർഗങ്ങൾ പാലിക്കണം

# പ്രായമായവരും ഗർഭിണികളും അധിക ജാഗ്രതപുലർത്തണം

# ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കണം

മഞ്ഞു കാലത്താണ് വൈറസ് രോഗങ്ങൾ കൂടുതൽ ശക്തിപ്രാപിക്കുന്നത്.

ഇത് കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണം. രോഗവ്യാപനം തടയാൻ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണം. ഒമിക്രോണിന്റെ രൂപഭേദം വലിയ ഭീഷണിയാണ് ഉയർത്തുന്നത് ജാഗ്രത വേണം

-പ്രൊഫ.ഡോ.ബി.പത്മകുമാർ,

മെഡിസിൻവിഭാഗം, മെഡിക്കൽകോളേജ്, ആലപ്പുഴ