ആലപ്പുഴ: സമൃദ്ധിയുടെ ക്രിസ്‌മസ് നക്ഷത്രം തന്റെ ജീവിതത്തിലും എന്നെങ്കിലും ഒരുനാൾ ഉദിച്ചുയരുമെന്ന പ്രതീക്ഷയിലാണ് നാൽപ്പത്തിരണ്ടുകാരിയായ രജനി ജയപ്രകാശ്. ഇതിനായി നെറ്റിപ്പട്ടത്തിൽ നക്ഷത്രങ്ങൾ ചേർത്തുവച്ച് ജീവിത മാർഗ്ഗം കണ്ടെത്താനുള്ള തത്രപ്പാടിലാണ് ചെട്ടികുളങ്ങര പേള പ്രണവം വീട്ടിൽ രജനിജയപ്രകാശ്. സാധാരണ ക്രിസ്‌മസ് നക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നെറ്റിപ്പട്ടത്തിലാണ് രജനി നക്ഷത്രങ്ങൾ വച്ചു പിടിപ്പിക്കുന്നത്. നെറ്റിപ്പട്ട നക്ഷത്രത്തിന്റെ നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ തൃശൂരിൽ നിന്നും നക്ഷത്രത്തിന് നടുവിൽ വയ്‌ക്കാനുള്ള യേശു രൂപം പരുമലയിൽ നിന്നുമാണ് വാങ്ങുന്നത്.
ഒരുദിവസം കൊണ്ട് ഒന്നര അടിവരെയുള്ള നക്ഷത്രം ചെയ്‌തെടുക്കാനാവും. ഏറ്റവും ചെറിയ നെറ്റിപ്പട്ട നക്ഷത്രത്തിന് 1600 രൂപയാണ് വില. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വിവിധ വലുപ്പത്തിൽ നക്ഷത്രം തയാറാക്കി നൽകുമെന്നും
വിവരം കേട്ടറിഞ്ഞ് പലരും നക്ഷത്രങ്ങൾക്കായി സമീപിച്ച് തുടങ്ങിയതായും രജനി പറയുന്നു.
2021 ആഗസ്റ്റിൽ കൊവിഡ് ബാധിച്ച് ജെ.സി.ബി ഓപ്പറേറ്ററായിരുന്ന ഭർത്താവ് ജയപ്രകാശ് മരിച്ചതോടെയാണ് രജനിയുടെയും മക്കളുടെയും ജീവിതത്തിൽ ഇരുട്ടു വീണത്. പിന്നീട്, തുന്നൽ ജോലി ചെയ്താണ് ഏഴാക്ലാസുകാരൻ ജഗന്നാഥനെയും നാലാം ക്ലാസുകാരൻ ആദിനാഥനെയും വളർത്തിയത്. വിവാഹത്തിന് മുമ്പ് ലാബ് ടെക്നീഷ്യയായി ജോലി ചെയ്തിരുന്ന രജനി, മക്കളെ വീട്ടിൽ തനിച്ചാക്കി പുറത്ത് ജോലിക്ക് പോകാൻ നിർവാഹമില്ലാത്തതിനാലാണ് തുന്നൽ ജോലിയിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് വിശ്വകർമ്മ സമുദായത്തിന്റെ കർമ്മ സ്വയംതൊഴിൽ പദ്ധതി പ്രകാരം നെറ്റപ്പട്ട നിർമ്മാണത്തിൽ പരിശീലനം ലഭിച്ചത്. നക്ഷത്രത്തിന്റെ കാലമായ ക്രിസ്മസ് എത്തിയതോടെയാണ് പുത്തൻ അറിവ് പുതിയ വരുമാനത്തിന് ശ്രമിക്കാമെന്ന ആശയം മനസിലുദിച്ചത്. പഞ്ചായത്തിന്റെയും വിവിധ എൻ.ജി.ഒകളുടെയും സഹായത്തോടെ നിർമ്മിച്ച പുതിയ വീട്ടിലാണ് രജനിയും മക്കളും ഇപ്പോൾ കഴിയുന്നത്. കുടുംബത്തിന്റെ കഷ്ടപ്പാട് കണ്ടറിഞ്ഞ് ഇളയ മകന്റെ സ്കൂൾ ഫീസ് മറ്റം സെന്റ് ജോൺസ് സ്കൂൾ മാനേജ്മെന്റ് ഒഴിവാക്കി കൊടുത്തതായും രജനി നന്ദിയോടെ പറയുന്നു.