ആലപ്പുഴ: പാലുത്പാദനം വർദ്ധിനായി പ്രഖ്യാപിച്ച പദ്ധതികൾ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ക്ഷീര കർഷക ജീവിതവും തുലാസിൽ. സംസ്ഥാന മൃഗ സംരക്ഷണ-ക്ഷീരവികസനവകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ പ്രഖ്യാപിച്ച കന്നുകുട്ടി പരിപാലന പദ്ധതി, ഉത്പാദന ബോണസ്, നഗരസഭവഴി ക്ഷീരകർഷകരെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളാക്കുന്ന പദ്ധതി എന്നിവയാണ് പ്രതിസന്ധിയിലായത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതികൾക്ക് വില്ലനായത്.

നാല് മുതൽ ആറ് മാസം വരെ പ്രായമായ പശുക്കുട്ടികൾക്ക് 50 ശതമാനം സബ്സിഡിയിൽ തീറ്റ നൽകുന്നതായികുന്നു കന്നുകുട്ടി പരിപാലന പദ്ധതി. 32 മാസം പ്രായമാകും വരെയോ പ്രസവിക്കും വരെയോ തീറ്റ നൽകും. കുറഞ്ഞ നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷയും നൽകും. ഒരു കുട്ടിക്ക് 6250 രൂപയായിരുന്നു സബ്സിഡി. കന്നുകുട്ടി ജനിച്ചയുടൻ സമീപത്തെ മൃഗാശുപ്രതിയിലൂടെയോ ഗ്രാമസഭകളിലൂടെയോ പദ്ധതിയിൽ ചേരാം. പാൽസൊസൈറ്റികൾ വഴിയാണ് തീറ്റ വിതരണം.

 പണമില്ലാതെ ഉത്പാദന ബോണസ്

പാലുത്പാദനം വർദ്ധിപ്പിക്കാനാണ് ക്ഷീര വികസന വകുപ്പ് കർഷകർക്ക് ലിറ്ററിന് മൂന്നു രൂപ വീതം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ബോണസ് പ്രഖ്യാപിച്ചത്. ബോണസ് ലഭിക്കേണ്ട കർഷകരുടെ പട്ടിക ക്ഷീരവികസന വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയെങ്കിലും തുക ഇനിയും ട്രഷറികളിലെത്തിയിട്ടില്ല. ഒരു ലിറ്റർ മുതൽ പരമാവധി 40,000 രൂപയുടെ പാൽ വിതരണം ചെയ്യുന്നവർക്കാണ് ബോണസ്.

 വെളിച്ചം കാണാത്ത തൊഴിലുറപ്പ്

നഗരസഭകളിലൂടെ ക്ഷീരകർഷകർക്കായി നടപ്പാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് ഗുണഭോക്തൃ പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി. അവശത അനുഭവിക്കുന്നവരും രണ്ടോ അതിലധികമോ പശുക്കളെ പരിപാലിക്കുകയും പത്ത് ലിറ്ററിൽ കുറയാതെ പാൽ സംഘത്തിന് നൽകുകയും ചെയ്യുന്ന കർഷകർക്ക് ദിവസം 333 രൂപ വീതം പരമാവധി നൂറ് ദിവസം വേതനമായി നൽകുന്ന പദ്ധതിയായിരുന്നു ഇത്. മുക്കാൽ ശതമാനം നഗരസഭകളിലും പദ്ധതി നടപ്പായിട്ടില്ല.

വാർഷിക പാൽ ഉത്പാദനം : 25.32 ലക്ഷം മെട്രിക് ടൺ

ഇൻഫോഗ്രാഫിക്സ്

 കന്നുകാലികൾ- 29,08,657

 പശു, കാള- 13,41,99

 എരുമ വർഗങ്ങൾ- 1,01,504

 ആടുവർഗങ്ങൾ- 13,59,161

'ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കന്നുകാലികളുടെ തീറ്റച്ചെലവ് കേരളത്തിൽ കൂടുതലാണ്".

- ശശിധരൻ, ക്ഷീരകർഷകൻ