ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ വൈകിട്ട് 7നും 7.30നും മദ്ധ്യേ തന്ത്രി പുതുമന ഇല്ലത്ത് എസ്.ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ 4 ന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. രണ്ടാം ദിനമായ വ്യാഴാഴ്ച്ച വൈകിട്ട് 4ന് ആനയൂട്ട്. വൈകുന്നേരം അഞ്ചിന് നടക്കുന്ന പകൽപ്പൂരത്തിൽ പത്ത് ഗജവീരന്മാർ അണിനിരക്കും. 51 പേരുടെ വാദ്യമേളവും, കുടമാറ്റവും ദൃശ്യവിരുന്നിനെ മനോഹരമാക്കും. വെള്ളിയാഴ്ച്ച വൈകിട്ട് 5ന് സ്പെഷ്യൽ ചെണ്ടമേളം, 5.30ന് കൈകൊട്ടിക്കളി, 6ന് താലപ്പൊലി. 6.45ന് ദേശീയ - സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് ഷാഹി കബീറിനെ ആദരിക്കും. ഞായറാഴ്ച്ച രാവിലെ 9ന് ഉത്സവബലി. വൈകിട്ട് 6ന് തിരുവാതിര, 6.30ന് ദേശതാലപ്പൊലി. 25ന് വൈകിട്ട് 6ന് ദീപക്കാഴ്ച്ച. 26ന് രാത്രി 10ന് പള്ളിവേട്ട. ആറാട്ട് മഹോത്സവമായ 27ന് വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്, രാത്രി 11ന് കൊടിയിറക്ക്, തുടർന്ന് വലിയ കാണിക്ക സമർപ്പണത്തോടെ ഉത്സവം സമാപിക്കും. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാവും മണ്ഡല മഹോത്സവം നടത്തുകയെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, മഹോത്സവകമ്മിറ്റി ചെയർമാൻ മോഹൻദാസ് മാംപറമ്പിൽ, ജനറൽ കൺവീനർ ആർ.ആർ.ജോഷിരാജ് അശ്വതി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.