
ആലപ്പുഴ: വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയുടെ ആറാമത് വാർഷികത്തിന്റെ ഭാഗമായി മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും കലവൂർ ഫാമിലി ഹെൽത്ത് സെന്ററിലും ഫുഡ് ഷെൽഫുകൾ സ്ഥാപിച്ചു. പല്ലാങ്കുഴൽ കലാകാരൻ രാജേഷ് ചേർത്തലയാണ് ഫുഡ് ഷെൽഫ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ അഡ്മിറ്റായവർക്കോ ആശുപത്രിയിൽ എത്തുന്ന മറ്റുള്ളവർക്കോ ഭക്ഷണം എടുത്ത് കഴിക്കാനാകുന്ന നിലയിലാണ് ഫുഡ് ഷെൽഫ് ക്രമീകരിച്ചിരിക്കുന്നത്.
പ്രായാധിക്യത്താലും അനാരോഗ്യത്താലും തനിയെ ആഹാരം പാചകം ചെയ്ത് കഴിക്കുവാൻ കഴിയാതെ ഒറ്റപ്പെട്ടു താമസിക്കുന്ന 400 പേർക്കാണ് മാരാരിക്കുളത്തെ പാലിയേറ്റീവ് പ്രവർത്തകർ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി വഴി ദിനംതോറും രണ്ടുനേരത്തെ ഭക്ഷണം എത്തിക്കുന്നത്. മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ 80 വാർഡുകളിലായി ഒറ്റപ്പെട്ട് താമസിക്കുന്നവരെയാണ് ഭക്ഷണം നൽകുന്നതിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുകൂടാതെ വളവനാട് ,കാട്ടൂർ എന്നിവിടങ്ങളിലെ വൃദ്ധസദനങ്ങളിലും പാതിരപ്പള്ളി, മംഗളാപുരം എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം എത്തിക്കുന്നുണ്ട്.
......
# മാതൃകാ പദ്ധതി
മണ്ണഞ്ചേരിയിലെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. അതത് പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തകരാണ് ഭക്ഷണം അർഹരുടെ വീടുകളിൽ എത്തിക്കുക. ദിവസേന 150 സന്നദ്ധ പ്രവർത്തകരാണ് ഭക്ഷണ വിതരണത്തിനായി സമയം കണ്ടെത്തുന്നത്. ഒരാൾക്കുള്ള ഭക്ഷണത്തിന് 20 രൂപ ചെലവ് വരും. ഈ തുക സ്‌പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയിരുന്നത്. ജന്മദിനം, വിവാഹ വാർഷികം, പ്രിയപ്പെട്ടവരുടെ ഓർമ്മദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഭക്ഷണം സ്പോൺസർ ചെയ്യാൻ നിരവധിപ്പേരെത്തും. സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ അരി ഉൾപ്പെടെയുള്ള വിഭവസമാഹരണം നടത്തുന്നുണ്ട്.