ആലപ്പുഴ : കുട്ടനാട്ടിൽ പുഞ്ചകൃഷിയ്ക്ക് വളപ്രയോഗം ആരംഭിച്ചിരിക്കെ, ഏറെ ആവശ്യമുള്ള വളമായ യൂറിയയുടെ വിതരണത്തിൽ കമ്പനികൾ തുടരുന്ന നിയന്ത്രണം കർഷകർക്ക് തിരിച്ചടിയാകുന്നു. മറ്റ് ബ്രാൻഡ് വളങ്ങൾ കൂടി വാങ്ങിയാലേ ചോദിക്കുന്ന അവളവ് യൂറിയ നൽകുകയുള്ളൂവെന്നാണ് കമ്പനികളുടെ ശാഠ്യം.

നെൽച്ചെടികൾ മുളച്ചാൽ പതിനഞ്ചാം പക്കം മുതൽ അമ്പത്തഞ്ചാം പക്കം വരെ മൂന്ന് ഘട്ടങ്ങളിലായുള്ള വളപ്രയോഗത്തിൽ ചെടികളുടെ വളർച്ചയ്ക്കും പോഷണത്തിനും പ്രധാനഘടകമാണ് യൂറിയ. ഒരു ഏക്കറിന് മൂന്ന് ഘട്ടങ്ങളിലായി 60-65 കി.ഗ്രാം വരെ യൂറിയ ആവശ്യമായി വരും.

45 കിലോ തൂക്കം വരുന്ന ഒരുചാക്ക് യൂറിയയ്ക്ക് 300 രൂപയാണ് നിലവിലെ വില. രണ്ട് ചാക്ക് യൂറിയ ആവശ്യപ്പെട്ട് വരുന്ന കർഷകന് യൂറിയയുടെ രണ്ടിരട്ടി വിലവരുന്ന 25കിലോ തൂക്കം വരുന്ന മൈക്രോ ഫുഡുകൾ കൂടി വാങ്ങിയാലേ സഹകരണ സംഘങ്ങൾ ഉൾപ്പെടെ യൂറിയ വിതരണം ചെയ്യുന്നുള്ളൂ. യൂറിയ മാത്രമായി വിറ്റാൽ മൈക്രോഫുഡ് കെട്ടിക്കിടക്കുന്നത് നഷ്ടത്തിന് കാരണമാകുമെന്നതിനാലാണ് ഈ രീതി സംഘങ്ങളും ഏജൻസികളും പിന്തുടരുന്നത്. ഇതിനെതിരെ വിവിധ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

മറ്റ് ബ്രാൻഡുകൾ അടിച്ചേല്പിക്കുന്നു

1.ആവശ്യത്തിനനുസരിച്ച് യൂറിയ നൽകാൻ കമ്പനികൾ തയ്യാറാകുന്നില്ല

2.വിലകൂടിയ ഇനം വളങ്ങൾ കൂടി വാങ്ങിയാലേ യൂറിയ നൽകുന്നുള്ളൂ

3.അഞ്ച് ടൺ യൂറിയ വില്പനക്കായി ചോദിക്കുന്ന സംഘങ്ങൾക്ക് നൽകുന്നത് 4 ടൺ

4.നാല് ടൺ യൂറിയയ്ക്കൊപ്പം ഒരു ടൺ മൈക്രോഫുഡും കൂടി അടിച്ചേല്പിക്കും

5.സംഘങ്ങളിൽ നിന്ന് കർഷകർ വാങ്ങുമ്പോഴും ഇതേ അനുപാതത്തിലേ യൂറിയ ലഭിക്കൂ

ഒരു ചാക്ക് (45കി.ഗ്രാം) യൂറിയയുടെ വില : 300 രൂപ

ഏജൻസികൾ യൂറിയ സംഭരിച്ച് സൂക്ഷിക്കുന്നതും ക്ഷാമത്തിന് കാരണമാണ്. രാസവള വാഗണുകൾ വരുന്ന ദിവസം തന്നെ വളം കൊണ്ടുവന്ന് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന രീതിയാണ് സഹകരണ സംഘങ്ങൾ അവലംബിക്കുന്നത്. അതിനാൽ മിക്ക സംഘങ്ങളിലും യൂറിയ ഉൾപ്പെടെയുള്ള വളങ്ങൾ സ്റ്റോക്കില്ല

- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി

യൂറിയ മാത്രമായി കമ്പനികൾ നൽകുന്നില്ല. മൈക്രോഫുഡ് വാങ്ങാൻ തയ്യാറായാലേ യൂറിയ വിതരണം ചെയ്യൂ. യൂറിയയ്ക്കൊപ്പം അവ വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംഘത്തിന് നഷ്ടമുണ്ടാകും

- സഹകരണ സംഘം ഭരണസമിതി