
മാന്നാർ: പദ്ധതി പ്രവർത്തനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവതരിപ്പിക്കും. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുജിത്ത് ശ്രീരംഗം അവതാരകനും അജിത്ത് പഴവൂർ അനുവാദകനുമായതാണ് പ്രമേയം . മധു പുഴയോരം, വി.കെ ഉണ്ണികൃഷ്ണൻ, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, ഷൈന നവാസ്, കെ.സി പുഷ്പലത എന്നിവരാണ് ഒപ്പിട്ട മറ്റ് അംഗങ്ങൾ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ധേയത്തെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത് .
ആകെയുള്ള 18സീറ്റിൽ സുനിൽ ശ്രദ്ധേയം പുറത്തായതോടെ യു.ഡി.എഫും എൽ.ഡി.എഫും തുല്യ ശക്തികളാണ് . എൽ.ഡി.എട്ടു സീറ്റ് വീതം ഇരു മുന്നണികൾക്കുമുണ്ട്. ബി.ജെ.പിക്ക് ഒരു സീറ്റാണുള്ളത്.
ആത്മവിശ്വാസത്തോടെ യു.ഡി.എഫ്,
വീഴില്ലെന്ന ഉറപ്പിൽ എൽ.ഡി.എഫ്,
മാന്നാർ ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയാവതരണത്തിന് ഏറെ ആത്മവിശ്വാസത്തോടെ ഇന്ന് യു.ഡി.എഫ് എത്തുമ്പോൾ, ഭരണം പോകില്ലെന്ന തികഞ്ഞ വിശ്വാസത്തിലാണ് എൽ.ഡി.എഫ്. ഒരംഗം അയോഗ്യനായതോടെ നിലവിലുള്ള അംഗസംഖ്യയായ 17ന്റെ ഭൂരിപക്ഷസംഖ്യയായ ഒൻപതുപേർ പിന്തുണച്ചാൽ അവിശ്വാസം വിജയിക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് നോട്ടീസ് നൽകിയത്. ബി.ജെ.പിയുടെ ഏക അംഗത്തിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ എട്ടിനെതിരെ 9 വോട്ട് നേടി അവിശ്വാസം പാസാകുമെന്ന കണക്കു കൂട്ടലുകളാണ് ഇവർക്കുള്ളത്.
പത്തംഗങ്ങളുടെ പിന്തുണ വേണമെന്ന് നിയമവിദഗ്ദ്ധർ
തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനംചെയ്ത മൊത്തം വാർഡുകളിലെ അംഗ സംഖ്യയായ 18ന്റെ പകുതിയിൽ കൂടുതൽ വോട്ട് നേടിയാൽ മാത്രമേ അവിശ്വാസം പാസാകുകയുള്ളുവെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ ആയാൽ മാന്ത്രിക സംഖ്യയായ പത്തിലെത്താൻ കഴിയാതെ അവിശ്വാസം തള്ളുമെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.