ആലപ്പുഴ: ജില്ലാ തീരദേശ ക്യാമ്പിന്റെ ഭാഗമായി സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുറക്കാട് തീരമേഖലയിലെ മത്സ്യതൊഴിലാളികളുടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞു. തീരദേശ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് ബോധ്യപ്പെട്ടു. പഞ്ചായത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുടെ മുഴുവൻ കണക്കെടുക്കുന്നതിനും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള കെട്ടിടം കണ്ടെത്തി നൽകുന്നതിനും കമ്മിഷൻ നിർദേശം നൽകി.
മാനസിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക വൈകല്യമുള്ളവർ, ക്യാൻസർ രോഗികൾ, ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾ തുടങ്ങിയവരുടെ വീടുകളാണ് സന്ദർശിച്ചത്. കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, പ്രോജക്ട് ഓഫീസർ എൻ.ദിവ്യ എന്നിവർ ഒപ്പമുണ്ടായിരുന്നു.