
കായംകുളം: കായംകുളം നഗരസഭയിലെ ഡംബിഗ് യാർഡിൽ ബയോ മൈനിംഗ് ചെയ്തു മാലിന്യം നീക്കം ചെയുന്നതിന് മുന്നോടിയായി കായംകുളം നഗരസഭയിലെ 22-ാം വാർഡിലെ മുരുക്കുംമൂട്ടിലെ ഡംബിഗ് യാർഡിൽ കേരളാ ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഡ്രോൺ സർവേ നടത്തിയത്. മാലിന്യം വലിച്ചെറിയുകയോ മാലിന്യം കൂട്ടിയിടുകയോ ചെയ്യരുത് എന്ന ഹരിത ട്രൈബെനലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.കെ.എസ്.ഡബ്ല്യു.എം.പി നിശ്ചയിച്ച ഏജൻസിയാണ് ഡ്രോൺ സർവേ നടത്തി ത്രിമാന ചിത്രങ്ങൾ പകർത്തിയത്. സർവേയുടെ അടിസ്ഥാനത്തിൽ സ്ഥലത്തിന്റെ വിസ്തീർണ്ണം, മാലിന്യത്തിന്റെ അളവ് എന്നിവ അറിയാൻ സാധിക്കും. ആദ്യഘട്ടത്തിൽ കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്ന 8 നഗരസഭകളിൽ ഒന്നാണ് കായംകുളം നഗരസഭ. ജനുവരി ആദ്യവാരം പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പദ്ധതി നടപ്പിലാക്കുന്നതോടെ 100 വർഷത്തിലേറെ പഴക്കമുള്ള അശാസ്ത്രീയ മാലിന്യ സംസ്കരണം അവസാനിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പി.ശശികല പറഞ്ഞു.