photo

ചേർത്തല: ഒരു മണിക്കൂറോളം അപകടകരമായ രീതിയിൽ കാറോടിച്ച് നാടിനെ ഭീതിയിലാഴ്ത്തിയ യുവാവിനെ സ്‌​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പൊലീസ് നടപടിക്കെതിരെ ബി.ജെ.പി ചേർത്തല മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്‌​റ്റേഷൻ മാർച്ച് നടത്തി. മുൻവശത്തെ ഇടത് ടയറില്ലാതെ 23 കിലോമീ​റ്ററോളം കാറോടിച്ച് നിരവധിയാളുകളെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ച ഉദയനാപുരം സ്വദേശി ദീപൻ നായരെയാണ് ചേർത്തല പൊലീസ് സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. യുവാവിന്റെ പരാക്രമത്തിൽ എട്ടു വാഹനങ്ങളാണ് തകർന്നത്. 13 ഓളം പേർക്ക് പരിക്കുണ്ട്. ഇതിൽ പലരും തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം നിന്നാരംഭിച്ച മാർച്ച് പൊലീസ് ക്വാർട്ടേഴ്സിന് മുന്നിൽ പൊലീസ് തടഞ്ഞു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.പ്രശാന്ത്, മണ്ഡലം സെക്രട്ടറി രതീഷ് പുന്നക്കാടൻ,കൗൺസിലർ ആശാമുകേഷ്, അനിൽ,രാജേഷ്,ലെനിൻ,മഹേഷ്,ഗിരീഷ് എന്നിവർ സംസാരിച്ചു.