photo

ചാരുംമൂട് : ശമ്പളം വർദ്ധിപ്പിക്കാത്തത്തിൽ പ്രതിഷേധിച്ചു 20 ദിവസം കശുവണ്ടി ഫാക്ടറികൾക്ക് മുമ്പിൽ രാപ്പകൽ സമരം നടത്തിയ തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കരിമുളയ്ക്കൽ, നൂറനാട് കാഷ്യൂ കോർപറേഷന്റെ ഫാക്ടറികൾക്ക് മുമ്പിൽ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി. ധർണയെ തുടർന്ന് കോർപറേഷർ ചെയർമാൻ ജയമോഹനുമായി ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു. 22 ന് ജോലി ആരംഭിച്ചില്ലങ്കിൽ കോർപറേഷൻ ഹെഡ് ഓഫീസ് പടിക്കൽ തൊഴിലാളികളും ഐ .എൻ.ടി.യു.സി, യു.ടി.യു.സി ട്രേഡ് യൂണിയൻ നേതാക്കളുടെയും നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കാനാണ് തീരുമാനം. കരിമുളയ്ക്കൽ ഫാക്ടറി പടിക്കൽ നടന്ന ധർണ യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സണ്ണികുട്ടിയും പണയിൽ ഫാക്ടറിക്ക് മുമ്പിൽ കശുവണ്ടി തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി നൂറനാടും ഉദ്ഘാടനം ചെയ്തു.യു.ടി.യു.സി സംസ്ഥാന ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ വള്ളികുന്നം,ഐ .എൻ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം വി.ആർ.സോമൻ, ഐ.എൻ.ടി.യു.സി കരിമുളയ്ക്കൽ ജോയിന്റ് സെക്രട്ടറി രതീഷ് കുമാർ കൈലാസം, പ്രതാപ് വള്ളികുന്നം എന്നിവർ സംസാരിച്ചു.