മാന്നാർ: പ്രവാസി വ്യവസായിയുടെ ആളില്ലാത്ത വീട്ടിൽ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങളും മറ്റും കവർന്ന കേസിൽ പിടികിട്ടാനുണ്ടായിരുന്ന രണ്ടു പേരിൽ ഒരാൾ കൂടി പിടിയിലായതായി സൂചന. യു.പി സ്വദേശിയായ മുഹമ്മദ് അസ്ഹറിനെയാണ് ഉത്തർപ്രദേശിലെ ബിജ്നൂർ ജില്ലയിൽ നിന്ന് പിടികൂടിയത്.
മാന്നാർ എസ്.ഐ അഭിരാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ടാഴ്ച മുമ്പാണ് പിടികിട്ടാനുണ്ടായിരുന്ന രണ്ടു പേർക്കായി ഉത്തരേന്ത്യയിലേക്ക് പോയത്. മൂന്ന് പ്രതികളെ രണ്ട് മാസം മുമ്പ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34), ആരിഫ് (30), റിസ്‌വാൻ സൈഫി (27) എന്നിവരെയാണ് മാന്നാർ സി.ഐ ജോസ് മാത്യു, എസ്.ഐ അഭിരാം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
യു.പി സ്വദേശിയായ റിയാസത്ത് അലിയെ ആണ് ഇനി പിടികൂടാനുള്ളത്. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബഹ്റിനിൽ ബിസിനസ് നടത്തുന്ന രാജശേഖരൻ പിള്ളയുടെ കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്‌കൂളിന് തെക്കുവശത്തുള്ള രാജശ്രീയിൽ വീട്ടിലും, ദീപ്‌തിയിൽ ഡോ.ദിലീപ്കുമാറിന്റെ വീട്ടിലും സെപ്തംബർ 23 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. വജ്രാഭരണങ്ങളും സ്വർണ്ണാഭരണങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും ഉൾപ്പെടെ അരക്കോടിയോളം രൂപയുടെ സാധനങ്ങളാണ് പ്രവാസി വ്യവസായിയുടെ വീട്ടിൽ നിന്നും മോഷ്ടിച്ചത്.