photo

കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിൽ 'വിദ്യാലയംവീട്ടിലേക്ക് '

ചേർത്തല: വിദ്യാലയം നാടിന്റെ കേന്ദ്രബിന്ദുവാണെന്നും വിദ്യാലയം വളരുമ്പോൾ നാട് വളരുമെന്നും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളുകളിൽ നടപ്പിലാക്കുന്ന 'വിദ്യാലയം വീട്ടിലേക്ക് ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസർ ഇ.ജി.ബാബു പദ്ധതി വിശദീകരിച്ചു. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,സ്കൂൾ കമ്മിറ്റി അംഗങ്ങളായ പി.പ്രകാശൻ,പി.ശിവാനന്ദൻ, പ്രഥമാദ്ധ്യാപകരായ കെ.പി.ഷീബ,ലിഡ ഉദയൻ,രജനീ രവീന്ദ്രൻ,ഗേൾസ് സ്‌കൂൾ എച്ച്.എം എസ്.സുജീഷ,

പി​.ടി.എ പ്രസിഡന്റുമാരായ പ്രദീപ് പോത്തൻ,വിശ്വനാഥൻ,കൺവീനർ സുരാഗ് എസ്.ശേഖർ എന്നിവർ സംസാരിച്ചു.

ലക്ഷ്യം വിദ്യാർത്ഥികളുടെ ഉന്നമനം

സമൂഹത്തിലെ പ്രശ്നങ്ങൾക്ക് കാരണം അദ്ധ്യാപക,​ വിദ്യാർത്ഥി ബന്ധത്തിലെ വിടവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വീടുകളിലെത്തി വിദ്യാർത്ഥികളുടെ ജീവിത സാഹചര്യം മനസിലാക്കി പഠനം ക്രമീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അദ്ധ്യാപകർ,അനദ്ധ്യാപകർ,പി.ടി.എ,​ മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ വിവിധ ഗ്രൂപ്പുകളായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകൾ സന്ദർശിക്കുകയും ഓരോ കുട്ടിയുടെയും ജീവിത നിലവാരം വിലയിരുത്തി ഡേ​റ്റാ തയ്യാറാക്കുകയും ചെയ്യും. തുടർന്ന് കുടുംബ അന്തരീക്ഷത്തിലെ പോരായ്മ കാരണം പഠനത്തിൽ പിന്നിലാവുന്ന കുട്ടികൾക്ക് പരിഗണന നൽകി മുൻ നിരയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തും. പ്രാദേശിക ക്ലസ്​റ്റർ രൂപീകരിച്ച് അദ്ധ്യാപക,​ രക്ഷകർതൃ യോഗങ്ങൾ നടത്തും. കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണ ക്ലാസുകൾ നടത്തുക, കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,പഠന മികവും സൽസ്വഭാവമുള്ള കുട്ടികളെ വീട്ടിലെത്തി ആദരിക്കുക, പഠനംകഴിഞ്ഞവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് വിവിധ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുക, മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സാധിക്കുന്ന വിധത്തിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും. പദ്ധതിയുടെ ആദ്യഭാഗം 31 ന് പൂർത്തിയാകും.