ചേർത്തല:അപകടകരമായി കാറോടിച്ച് മണിക്കൂറോളം നാടിനെ വിറപ്പിച്ച യുവാവിനെ 'ജാമ്യത്തിൽവിട്ട' പൊലീസ് നിലപാടു തിരുത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം. യുവാവിനെതിരെ വധശ്രമത്തിനടക്കം ശക്തമായ കേസെടുക്കാൻ നിർദ്ദേശം നൽകിയതായാണ് വിവരം. ശനിയാഴ്ച നാടിനെ വിറപ്പിച്ചു നടന്ന കാറോട്ടത്തിലെ പ്രതി വൈക്കം ഉദയനാപുരം സ്വദേശി ദീപൻനായരെ അന്നു തന്നെ പൊലീസ് സ്‌​റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.ഇതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
അരൂക്കു​റ്റി ചേർത്തല റൂട്ടിലായിരുന്നു മൂന്നു ടയറിൽ യുവാവിന്റെ കാറോട്ടം.വാടകക്കെടുത്ത കാറിടിച്ച് 13 ഓളം പേർക്ക് ചെറുതും വലുതുമായ പരിക്കേ​റ്റിരുന്നു.ഇതിനൊപ്പം 11ഓളം വാഹനങ്ങളിലും കാറിടിച്ചു നാശമുണ്ടാക്കിയിരുന്നു. പൊലീസിനെ അക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നാട്ടുകാരെ ആക്രമിക്കുന്നതിന്റെയും സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ദീപൻനായരോട് എല്ലാദിവസവും സ്‌​റ്റേഷനിലെത്താൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.