പുഞ്ചകൃഷിയുടെ വിത ജനുവരി 15ന് പൂർത്തിയാക്കാൻ നിർദ്ദേശം

ആലപ്പുഴ : കുട്ടനാട്,അപ്പർകുട്ടനാട്, കരിനിലങ്ങളിൽ രണ്ടാം കൃഷിയുടെ വിളവെടുപ്പ് 94 ശതമാനം പൂർത്തീകരിച്ചതോടെ പുഞ്ചകൃഷിയുട‌െ ഒരുക്കങ്ങൾ വേഗത്തിലായി. ഡിസംബർ 31ന് മുമ്പ് രണ്ടാം കൃഷിയുടെ വിളവെടുപ്പ് പൂർത്തീകരിക്കാനാണ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൃഷി അസി.ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇത്തവണ 9122.8 ഹെക്ടറിലാണ് രണ്ടാംകൃഷിയിറക്കിയത്.

തിങ്കളാഴ്ചവരെ 149പാടശേഖരങ്ങളിലെ 8568.8 ഹെക്ടറിലെ വിളവെടുപ്പ് പൂർത്തിയാക്കി. 553.95 ഹെക്ടറിലാണ് ഇനി വിളവെടുപ്പ് പൂർത്തിയാക്കാനുള്ളത്. തകഴി, ആലപ്പുഴ നഗരസഭ, കരുവാറ്റ, പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക് കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണ് വിളവെടുപ്പ് അവശേഷിക്കുന്നത്. രണ്ടാംകൃഷിയിൽ ഇതുവരെ ലഭിച്ച പാഡി റസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) അനുസരിച്ച് 35645.66 ടൺ നെല്ലാണ് സംഭരിച്ചത്.

എന്നാൽ, സംഭരിച്ച നെല്ലിന്റെ വില പൂർണമായി ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. പി.ആർ.എസും അപേക്ഷയും പാഡി ഓഫീസിൽ എത്തിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ നെല്ലിന്റെ വില അക്കൗണ്ടിലെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും എല്ലാവർക്കും പണം ലഭിച്ചിട്ടില്ല. മതിയായ ഫണ്ട് ഇല്ലാത്തതാണ് കാരണം.

പുഞ്ചകൃഷി വേഗത്തിൽ

1.പുഞ്ചകൃഷിക്കായി 337പാടശേഖരത്തെ 15,703.337 ഹെക്ടറിൽ വിത പൂർത്തിയായി

2.ശേഷിച്ച പാടങ്ങളിൽ ജനുവരി 15ന് മുമ്പ് പൂർത്തീകരിക്കുകയാണ് ലക്ഷ്യം

3.ഒക്ടോബറിലാണ് പുഞ്ച കൃഷിക്കുള്ള വിത ആരംഭിച്ചത്

4.ഉമ, മനുരത്‌നം ഇനങ്ങളിലെ വിത്തുകളാണ് കർഷകർക്ക് നൽകിയത്

കിഴിവിന്റെ പേരിൽ പിഴിഞ്ഞു

രണ്ടാം കൃഷി വിളവെടുപ്പിൽ ഈർപ്പത്തിന്റെ പേരിൽ കൂടുതൽ കിഴിവു നൽകണമെന്ന മില്ലുകാരുടെ കടുംപിടുത്തമാണ് ആദ്യഘട്ടത്തിൽ സംഭരണം വൈകിച്ചത്. നൂറു കിലോ നെല്ല് സംഭരിക്കുമ്പോൾ 5മുതൽ 10 കിലോ വരെ കിഴിവ് നൽകണമെന്നാണ് മില്ലുകാരുടെ ആവശ്യം.ഇടവിട്ട് പെയ്യുന്ന മഴയിൽ മില്ലുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി കൂടുതൽ കിഴിവ് നൽകിയത് സാമ്പത്തികമായി കർഷകരെ കഷ്ടത്തിലാക്കി.

പുഞ്ചകൃഷി ഇറക്കുന്നത് (ഹെക്ടറിൽ)

പ്രതീക്ഷിക്കുന്നത്: 25,000

വിളവിറക്കിയത്: 15,703

കഴിഞ്ഞവർഷം : 28,000

രണ്ടാം കൃഷിയിൽ ആകെ സംഭരിച്ച നെല്ല് : 35645.656 മെട്രിക് ടൺ