# കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അനുമതിയായില്ല

ആലപ്പുഴ: തെരുവുനായ് നിർമ്മാർജ്ജനവും പേവിഷ പ്രതിരോധവും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് സമർപ്പിച്ച എ.ബി.സി പദ്ധതിക്ക് കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അനുമതിയായില്ല. സെപ്തംബറിൽ ജില്ലയിൽ പദ്ധതി ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അനുമതി കിട്ടാത്തതിനാൽ

ഇനിയും വൈകുമെന്ന് ഉറപ്പായി. തെരുവുനായ് ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചതോടെ ജനം ഭീതിയിലാണ്.

കുട്ടികൾ ഉൾപ്പെടെയുള്ളവർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുകയും

പേവിഷ ഭീതി പരക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലയിൽ തെരുവുനായ നിർമ്മാർജന പരിപാടി അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചത്. എ.ബി.സി സെന്ററിലെ ഓപ്പറേഷൻ തീയേറ്ററിന് ആവശ്യമായ ആട്ടോക്ലേവ് മെഷീൻ, മരുന്ന് സൂക്ഷിക്കാനുള്ള ഫ്രി‌ഡ്ജ്,​ ഇൻവെർട്ടർ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടർമാർ, ഡോഗ് ക്യാച്ചേഴ്സ്, മൃഗപരിപാലകർ, ആശുപത്രി അറ്റൻഡർമാർ തുടങ്ങിയവരുടെ ഇന്റ‌ർവ്യൂ പൂർത്തിയാക്കിയശേഷമാണ് മൃഗക്ഷേമ ബോർഡിന്റെ അംഗീകാരത്തിനായി പദ്ധതി സമർപ്പിച്ചത്.

രണ്ട് എ.ബി.സി സെന്ററുകൾ സജ്ജം

1. ആലപ്പുഴ ബീച്ചിലും കണിച്ചുകുളങ്ങരയിലുമായി മൃഗസംരക്ഷണ വകുപ്പിന് രണ്ട് എ.ബി.സി സെന്ററുകളാണുള്ളത്. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് എ.ബി.സി സെന്ററുകളിൽ സി.സി ടി.വി നിരീക്ഷണ സംവിധാനവും അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകളുമെല്ലാം സജ്ജമാക്കിയെങ്കിലും ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാൽ മാത്രമേ അവ തുറക്കാൻ കഴിയു

2. എ.ബിസി പദ്ധതിക്കായി വെറ്ററിനറി സർജൻ, മൃഗപരിപാലകർ, ഓപ്പറേഷൻ തിയേറ്റർ സഹായി, ശുചീകരണ സഹായി, നായ പിടുത്തക്കാർ എന്നീ തസ്തികകളിലേക്ക് ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ ഇന്റർവ്യൂ നടത്തുകയും പട്ടിക തയ്യാറാക്കുകയും ചെയ്‌തെങ്കിലും ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരം ലഭിച്ചില്ല

3. പദ്ധതിക്ക് ജില്ലാതലത്തിൽ മേൽനോട്ടം വഹിക്കേണ്ട ജില്ലാമൃഗ സംരക്ഷണ ഓഫീസർ ഒരുമാസമായി അവധിയിലാണ്

ഹോട്ട് സ്പോട്ടുകൾ : 19

തെരുവുനായ്ക്കൾ : 17,000

പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി

അപകടകരമായ സാഹചര്യം കണക്കിലെടുത്ത് പേവിഷ പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. 7000 നായ്ക്കൾക്ക് വാക്സിനേഷൻ പൂർത്തിയാക്കി. നിലവിലെ രണ്ട് എ.ബി.സി സെന്റുകൾക്ക് പുറമേ ഓരോ ബ്ലോക്കിലും സെന്ററുകൾ ആരംഭിക്കാനായി സ്ഥലം അന്വേഷിച്ചുവരികയാണ്. 200 നായ്ക്കളെ വീതം ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലും വന്ധ്യംകരിക്കാനാണ് പദ്ധതി.