ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ് ഉത്സവത്തിനൊപ്പം കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിനും ഇന്ന് കൊടിയേറുന്നതോടെ ആലപ്പുഴ നഗരം കൂടുതൽ തിരക്കിലേക്കമരും. ഇന്ന് വൈകിട്ട് 7നും 7.30നും മദ്ധ്യേയാണ് കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി പുതുമന ഇല്ലത്ത് എസ്. ദാമോദരൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. കൊടിയേറ്റിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ നടക്കും.
ചിറപ്പ് നാലാം ദിവസത്തിലേക്ക് കടന്നതോടെ മുല്ലയ്ക്കൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് വർദ്ധിച്ചു. മഴമാറിയതോടെ ചിറപ്പിന്റെ ഭാഗമായ വഴിവാണിഭവും ഉഷാറായി. വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിന് മുന്നിലുള്ള റോഡ് ജനസാഗരമാകും. എക്സിബിഷൻ നടക്കുന്ന പോപ്പി ഗ്രൗണ്ടിലെ റൈഡുകളിൽ സ്കൂൾകുട്ടികളുൾപ്പെടെയുള്ളവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കിടങ്ങാംപറമ്പ് ക്ഷേത്രത്തിലും ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികൾക്ക് ഇന്ന് തുടക്കം കുറിയ്ക്കുന്നതോടെ നഗരത്തിന് ഇനിയുള്ള പകലിരവുകൾ ആഘോഷത്തിന്റേതാകും.
കിടങ്ങാംപറമ്പിൽ ഇന്ന്
രാവിലെ 9ന് ദേവീ മാഹാത്മ്യ സ്തുതിഗീതം, ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 5.15ന് ദേവീ മാഹാത്മ്യ കീർത്തനം
, 7.30ന് സർഗസംഗീതം, 9.10ന് വിളക്കെഴുന്നള്ളിപ്പ്
മുല്ലയ്ക്കലിൽ ഇന്ന്
രാവിലെ 8.30ന് ശ്രീബലി,ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 7ന് കൈകൊട്ടിക്കളി, 7.30ന് ഭരതനാട്യം,8ന് നൃത്ത നൃത്യങ്ങൾ, 10ന് എതിരേൽപ്പ്, 11ന് തീയാട്ട്