
കല്ലുമല : കല്ലുമലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായതായി പരാതി. സ്‌കൂൾ വിദ്യാർത്ഥികളടക്കമുളള കാൽനടയാത്രക്കാർ ഭീതിയോടെയാണ് ഇവിടെ റോഡുകളിലൂടെ സഞ്ചരിക്കുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.
മാസങ്ങൾക്ക് മുമ്പ് നായ കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോ മറിഞ്ഞ് ഒരു സ്ത്രീ മരിക്കുകയും മറ്റ് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെരുവുനായ ശല്യത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ഇനിയും ഇവിടെ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്.
വിനയായി മാലിന്യ നിക്ഷേപം
റോഡരികിലെ മാലിന്യ നിക്ഷേപമാണ് പ്രദേശത്തെ മറ്റൊരു ഭീഷണി
ഇറച്ചിമാലിന്യമുൾപ്പെടെ ഭക്ഷിക്കാനായി നായ്ക്കൾ കൂട്ടത്തോടെയെത്തും
രാത്രികാലങ്ങളിലാണ് മാലിന്യം വ്യാപകമായി നിക്ഷേപിക്കപ്പെടുന്നത്
മദ്യക്കുപ്പി ഉൾപ്പെടെ തള്ളുന്നതിനാൽ ഇവ പൊട്ടി കുപ്പിച്ചില്ലുകൾ യാത്രക്കാർക്ക് ഭീഷണിയാണ്