surendran

ആലപ്പുഴ: ചാൻസലറുടെ വിവേചനാധികാരം ഉപയോഗിച്ച് ഗവർണർ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലും സെനറ്റ് അംഗങ്ങളെ നിയമിക്കുമെന്നും കാലാവധി തീരുംവരെ അവർ തുടരുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഒ.ബി.സി മോർച്ച നേതാവ് അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ രണ്ടാം ബലിദാന അനുസ്മരണം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാലകളുടെ അധികാരി ചാൻസലറാണ് എന്ന് കോടതിയാണ് പറഞ്ഞത്. നിയമത്തെയും ഭരണഘടനെയും മാനിക്കാതെയാണ് പ്രതിഷേധം നടത്തിയത്. യു.ഡി.എഫ് ഭരണകാലത്തും എസ്.എഫ്.ഐ തെമ്മാടി കൂട്ടമാണ് സർവകലാശാലകളിൽ വിളയാടിയിരുന്നത്.

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ കാലുകുത്താൻ അനുവദിക്കില്ലെന്നാണ് പറഞ്ഞത്. 72മണിക്കൂർ ഗവർണർ കാമ്പസിൽ നടന്നും അല്ലാതെയും പരിപാടിയിൽ പങ്കെടുത്തു. ശ്രീനാരായണ പ്രസ്ഥാനങ്ങൾ ഗുരുദേവന്റെ ആശയങ്ങൾ ഉഴുതു മറിച്ച മണ്ണിൽ വിളവ് കൊയ്തത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന കാര്യം മറക്കരുത്. ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് പ്രഭാഷണം നടത്താനാണ് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ യൂണിവേഴ്സിറ്റിയിലെത്തിയത്. ഗവർണറുടെ പ്രഭാഷണം തടസപ്പെടുത്താനായി ശ്രമിച്ചവർ മതതീവ്രവാദ പ്രസ്ഥാനങ്ങളെ അനുകൂലിക്കുന്ന വരെ പ്രഭാഷണങ്ങൾക്കായി കൊണ്ടുവരാൻ ആലോചിക്കുന്നതായുംകെ.സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി ജില്ലാപ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വെളിയാകുളം പരമേശ്വരൻ, പന്തളം പ്രതാപൻ, അനിൽ ആന്റണി, സന്ദീപ് വചസ്പതി, എം.പി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.