ആലപ്പുഴ: ദേശീയപാത വികസനം വഴിയോര മത്സ്യക്കച്ചവടകാർക്കർക്ക് തിരിച്ചടിയായി. റോഡരികിൽ തൊഴിലാളികൾ വലകുടഞ്ഞ് നടത്തുന്ന മീൻ വില്പന വാഹനങ്ങളിൽ കടന്നുപോകുന്നവർക്ക് കൗതുകക്കാഴ്ചയും വിലക്കുറവിൽ മത്സ്യം വാങ്ങുവാനുള്ള മാർഗവുമായിരുന്നു. പൊന്ത് വള്ളത്തിൽ പിടിക്കുന്ന മത്സ്യങ്ങളാണ് ഇങ്ങനെ വിൽക്കുന്നതിൽ അധികവും. ചെമ്മീൻ, അയല, മത്തി, ചെറുമത്സ്യങ്ങൾ എന്നിവയാണ് ഇവർക്ക് ലഭിക്കുന്നത്. രാസവസ്തുക്കൾ പുരളാത്ത ഫ്രഷ് മത്സ്യം ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്കും ഇത്തരം മീനിനോട് താത്പര്യമായിരുന്നു.
മൂന്ന് തൊഴിലാളികൾ കയറാവുന്ന പൊന്തുവള്ളത്തിൽ പിടിക്കുന്ന മത്സ്യത്തിന്റെ 95 ശതമാനവും മത്തിയാണ്. ഇതിനാണെങ്കിൽ നിലവിൽ വിലയും കുറവാണ്. ഒരുമാസം മുമ്പ് വരെ 160 മുതൽ 180 രൂപ വരെ കിലോയ്ക്ക് വിലയുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ 80- 90 രൂപയാണ് ലഭിക്കുന്നത്.
ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നു രക്ഷപ്പെടാനാണ് റോഡരികുകളിൽ മീൻ വിൽക്കാൻ തൊഴിലാളികൾ തുടങ്ങിയത്. മുൻകാലങ്ങളിൽ തൊഴിലാളികളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മത്സ്യം വാങ്ങി കൂടിയ വിലയ്ക്ക് വിറ്റ് ഇടനിലക്കാർ വൻചൂഷണമാണ് നടത്തിയിരുന്നത്. ഇതിന് അറുതിയായതോടെ ഉപഭോക്താക്കൾക്കു ന്യായവിലയ്ക്ക് മീൻ കിട്ടിയിരുന്നു.
"കുറഞ്ഞ വിലയ്ക്ക് കടപ്പുറത്ത് നിന്ന് വാങ്ങുന്ന മത്സ്യം കൊള്ളലാഭത്തിൽ വിൽക്കുകയും ഉറപ്പിച്ച ലേലത്തുക തൊഴിലാളികൾക്ക് നൽകാതിരിക്കുന്നതുമാണ് ഇടനിലക്കാരുടെ പതിവ്. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാതയോരത്ത് തൊഴിലാളികൾ നേരിട്ട് മത്സ്യം വിൽക്കുന്നത്
- സുശീലൻ, മത്സ്യത്തൊഴിലാളി