dfgefrd

പൂച്ചാക്കൽ: കോൺഗ്രസ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. ഇരുന്നൂറ് മീറ്റർ അകലെ വെച്ച് ജാഥ തടയാൻ ശ്രമിച്ചെങ്കിലും, ഉറക്കെ മുദ്രാവാക്യം വിളിച്ച് സ്റ്റേഷന്റെ കവാടത്തിലേക്ക് പ്രവർത്തകർ ഓടി അടുക്കുകയായിരുന്നു. ഉടൻ തന്നെ മെയിൻ ഗേറ്റ് അടക്കുകയും ജീപ്പ് കുറുകെയിടുകയും ചെയ്ത് പൊലീസ് സംരക്ഷണം ഒരുക്കി. ഇതിനിടെ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ പല തവണ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. രണ്ട് പ്രവർത്തകർ നിലത്ത് വീണു. പൊലീസും മുതിർന്ന നേതാക്കളും സംയമനം പാലിച്ചതോടെയാണ് സംഘർഷാവസ്ഥക്ക് അയവു വന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി.ടി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി എം.ആർ.രാജേഷ് വനിത കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് രതി നാരായണൻ , കർഷക കോൺഗ്രസ് പ്രസിഡന്റ് കെ.ജി.ആർ പണിക്കർ, മുൻ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എം.ആർ.രവി, പാണാവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. വി.കെ. സുനിൽകുമാർ, അഷറഫ് വെള്ളേഴത്ത്, ജോസ് കുര്യൻ പുല്ലാറ്റ്, ബാബു തൈക്കാട്ടുശേരി, അരവിന്ദൻ, കെ.എസ്, ഷിബു , സുദർശൻ മാധവപ്പള്ളി, സീന പ്രദീപ് കുമാർ, അഷറഫ് കാരക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.