manoj

ആലപ്പുഴ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ഒരു ഡസനോളം ഗാനങ്ങൾക്ക്പശ്ചാത്തല സംഗീതമൊരുക്കി ആലപ്പുഴക്കാരനായ ഹയർ സെക്കൻഡറി അദ്ധ്യാപകൻ. സബ് ജില്ല മുതൽ സംസ്ഥാന സ്കൂൾ കലോത്സവം വരെ നീളുന്നതാണ് വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പുത്തൻചന്ത ശ്രീപാദത്തിൽ വി.മനോജ്കുമാർ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനങ്ങളുടെ നിര. കുട്ടിക്കാലത്ത് ഹാർമോണിയവും കീ ബോർഡും അഭ്യസിച്ചിട്ടുള്ള മനോജ് കുമാർ ഇരുപത് വർഷം മുമ്പ് അദ്ധ്യാപകരുടെ സംസ്ഥാന കലോത്സവത്തിൽ മത്സരാർത്ഥിയായി സംഘഗാനം ചിട്ടപ്പെടുത്തിയാണ് പശ്ചാത്തല സംഗീത രംഗത്തേക്ക് കടന്നിവന്നത്.

രാമപുരം അശോക് കുമാർ എന്ന സംഗീതാദ്ധ്യാപകനുമായുള്ള അടുപ്പമാണ് വിദ്യാഭ്യാസ വകുപ്പിലെ മേധാവിമാരുടെ ശ്രദ്ധയിലേക്ക് മനോജ് കുമാറിനെ എത്തിച്ചത്. 2003ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ ഗാനത്തിന് പശ്ചാത്തല സംഗീതമൊരുക്കാൻ അവസരം ലഭിച്ചു. 2006ൽ കേരളപ്പിറവിയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് അൻപത് അദ്ധ്യാപകരെ അണിനിരത്തി തയാറാക്കിയ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചതും മനോജായിരുന്നു.ഈ ഗാനം ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സി.ഡി ആയി എത്തിച്ചിരുന്നു. സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ കേരളപ്പിറവി ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നടത്തിയിരുന്നു. 2019ലെ സംസ്ഥാന കലോത്സവത്തിനും, നിരവധി സബ്ജില്ലാ, റവന്യൂ കലോത്സവങ്ങളിലും ഗാനം ചിട്ടപ്പെടുത്തി. ഈ വർഷത്തെ കായംകുളം സബ് ജില്ലാ കലോത്സവ സ്വാഗത ഗാനത്തിന് വേണ്ടിയാണ് ഏറ്റവും ഒടുവിൽ പശ്ചാത്തല സംഗീതമൊരുക്കിയത്.

കരുതാം ആലപ്പുഴയെ

കൊവിഡ് ബോധവത്ക്കരണത്തിന്റെ ഭാഗമായി വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച 'കരുതാം ആലപ്പുഴയെ' എന്ന ഗാനത്തിന് സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നിവ ഒരുക്കിയതിന് പുറമേ, റെക്കാഡിംഗ് നിർവഹിച്ചതും മനോജാണ്. മനോജ് ഉൾപ്പടെയുള്ള അദ്ധ്യാപകരാണ് പാടി അഭിനയിച്ചതും. കൂടുതൽ അവസരങ്ങൾ തേടിയെത്തിയതോടെ മനോജ് വീട്ടിൽ തന്നെ റെക്കാഡിങ്ങ് സ്റ്റുഡിയോ സജ്ജമാക്കി. നിരവധി ബോധവത്കരണ ഗാനങ്ങൾ, ഭക്തിഗാന ആൽബങ്ങൾ, പ്രവേശനോത്സവ ഗാനങ്ങൾ എന്നിങ്ങനെ നീളുകയാണ് മനോജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ നിര. ഒഴിവു വേളകളിൽ വിവിധ വേദികളിൽ കീബോർഡ് ഫ്യൂഷൻ ഷോയും അവതരിപ്പിക്കാറുണ്ട്. പരമ്പരാഗത പടയണി പാട്ടുകളുടെ ഒരു ആൽബം പുറത്തിറക്കാനുള്ള ശ്രമത്തിലാണിപ്പോൾ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെയും, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും പ്രശംസി പത്രം, എ.പി.ജെ അബ്ദുൾ കലാം കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2006 മുതൽ എൻ.സി.സി ഓഫീസറായി പ്രവർത്തിക്കുന്നു. പോസ്റ്റൽ വകുപ്പിൽ അസി.ഡയറക്ടറായ അഞ്ജലി കൃഷ്ണയാണ് ഭാര്യ. മക്കൾ: ദേവനാരായണൻ, ദേവികാ നാരായണൻ.