അരൂർ: ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ശിവഗിരിയിലേക്ക് നടത്തുന്ന 91-ാമത് ശിവഗിരി തീർത്ഥാടന പദയാത്ര നാളെ ജില്ലയിൽ പ്രവേശിക്കും. ജില്ലയുടെ വടക്കേ അതിർത്തിയായ അരൂർ ബൈപ്പാസ് ജംഗ്ഷനിൽ നാളെ വൈകിട്ട് 4 ന് ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെയും അരൂർ മണ്ഡലം കമ്മിറ്റിയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ് നൽകും. തുടർന്ന് പദയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം രാത്രി അരൂക്കുറ്റി മാത്താനം ദേവീ ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും. 23 ന് രാവിലെ ആരംഭിക്കുന്ന പദയാത്രയ്ക്ക് പൂച്ചാക്കൽ മേഖലയിലെ വിവിധയിടങ്ങളിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ സ്വീകരണം നൽകും. ഉച്ചയ്ക്ക് ഗുരുധർമ്മ പ്രചരണസഭ ശ്രീകണ്ഠേശ്വരം യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഉച്ച ഭക്ഷണത്തിനും വിശ്രമ ത്തിനുശേഷം പദയാത്ര വൈകിട്ട് ചേർത്തല വാരനാട് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും. 24 ന് രാവിലെ തെക്കൻ മേഖലയിലേക്ക് പദയാത്ര പ്രയാണമാരംഭിക്കും.