
മാരാരിക്കുളം: ജില്ലയിലെ എയ്ഡഡ് സ്‌ക്കൂൾ മാനേജർമാർ 27 ആവശ്യങ്ങൾ അടങ്ങിയ അവകാശപത്രിക ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർക്ക് സമർപ്പിച്ചു. മാനേജർമാരെ ഒഴിവാക്കിയുള്ള പുതിയ നിയമ നിർമ്മാണങ്ങൾ നടത്തരുതെന്ന് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി സമർപ്പിച്ച അവകാശപത്രികയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രൈവറ്റ് സ്‌കൂളുകളിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സ്‌കൂൾ മാനേജർമാർ റോസ്റ്റർ സബ്മിറ്റ് ചെയ്തില്ലെങ്കിലും താത്കാലികമായി നിയമനം നടത്താമെന്ന കോടതി ഉത്തരവും സർക്കാർ ഉത്തരവും നടപ്പിലാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി. സി.കൃഷ്ണകുമാറിനും ആലപ്പുഴ ഡി.ഇ.ഒ പി.ഡി.അന്നമ്മയ്ക്കും, ചേർത്തല,മാവേലിക്കര, കുട്ടനാട് എന്നീ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും,ജില്ലയിലെ മറ്റ് ഉപജില്ലാ വിദ്യാഭാസ ഓഫീസർമാർക്കും നൽകിയ അവകാശ പത്രിക സമർപ്പണത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കേരള പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആയാപറമ്പ് രാമചന്ദ്രൻ,സെക്രട്ടറി എസ്.കെ.അനിയൻ മുതുകുളം,ജോയിന്റ് സെക്രട്ടറിമാരായ എം.ടി മധു പുറക്കാട്,കെ.എൻ.കൃഷ്ണകുമാർ,ട്രഷറർ എസ്.നന്ദകുമാർ, ജില്ലയിലെ വിവിധ എയ്ഡഡ് സ്‌കൂൾ മാനേജർമാരായ ആനന്ദ് ചന്ദ്രൻ,ഹരികൃഷ്ണൻ,പി. പ്രകാശ്,എം.എൻ.മണിയമ്മ കാക്കാഴം എന്നിവരാണ് അവകാശ പത്രിക സമർപ്പണത്തിൽ പങ്കെടുത്തത്.