മാവേലിക്കര: ബാറിന് മുന്നിൽ മദ്യപസംഘം ഏറ്റുമുട്ടിയതിനെത്തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. വള്ളികുന്നം കടുവിനാൽ വിശ്വഭവനത്തിൽ വിശ്വരാലിനാണ് പരിക്കേറ്റത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണിപ്പോൾ.

തിങ്കളാഴ്ച രാത്രി 11 മണിയോടെ ചാരുമൂട് എസ്ക്വയർ ബാറിന് മുന്നിലാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ നിന്ന് മദ്യപിച്ച് ഇറങ്ങിയ വിശ്വരാൽ അടക്കമുള്ള 4 യുവാക്കളും കാറിൽ ഇവിടെ എത്തിയ നാലംഗ സംഘവുമായി വാക്കുതർക്കമുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. തുടന്ന് വിശ്വരാലും സംഘവും രണ്ട് ബൈക്കുകളിലായി കറ്റാനത്തേക്ക് പുറപ്പെടുട്ടു. ഇവിടെ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കാറിൽ പിന്തുടർന്നെത്തിയ സംഘവുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ഇവർ യുവാക്കളുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് കാർ വിട്ടുപോയി.

യുവാക്കൾ ബൈക്ക് തള്ളി പോപ്പ് പയസ്സ് സകൂളിന്റെ മുന്നിലെത്തിയപ്പോൾ കാറിലെത്തിയ സംഘം കൂടുതൽ ആളുകളുമായി എത്തി മർദ്ദിക്കുകയായിരുന്നു. രാത്രി 12.30ഓടെയായിരുന്നു ആക്രമണം. വിശ്വരാൽ രക്ഷപെട്ട് കെട്ടിടത്തിന് മുകലിലേക്ക് ഓടിക്കയറിയപ്പോൾ പിന്നാലെ എത്തിയ സംഘം മർദ്ദിച്ചതിനെത്തുടർന്ന് വിശ്വരാൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണു. പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. വള്ളികുന്നം സ്വദേശികളായ പീറ്റർ, ഗോകുൽ, താമരക്കുളം വെടരപ്ലാവ് സ്വദേശി അഖിൽ എന്നിവരാണ് യുവാവിനോടൊപ്പം ഉണ്ടായിരുന്നത്. 13അംഗ സംഘമാണ് മർദ്ദനം നടത്തിയതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. കുറത്തികാട് പോലീസ് കേസെടുത്തു.