
ചേർത്തല: സർക്കാർ സ്‌പോൺസേഡ് സംഘട്ടന സദസായി നവകേരള സദസ് മാറിയതായി ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടി സംസ്ഥാന കൗൺസിൽ യോഗം ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗിന്റെ മൊഞ്ചിന് പിറകെ എൽ.ഡി.എഫ് നടക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ഒരുവശത്ത് വർഗീയതയെ എതിർക്കുമെന്നു പറയുകയും മറുവശത്ത് വർഗീയ പാർട്ടികളെ കൂട്ടു പിടിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരുടെ അടവു തന്ത്രം രാജ്യത്തിന് ഭീഷണിയാണ്. രാഷ്ട്രപതി,ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ നിരന്തരം അപമാനിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷം. മോദി സർക്കാരിന്റെ വികസന രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്ന ഇന്ത്യ മുന്നണിയിലെ ഇരട്ട സഹോദരങ്ങളാണ് സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷങ്ങളെന്നും തുഷാർ പറഞ്ഞു.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അരയക്കണ്ടി സന്തോഷ്,എ.ജി.തങ്കപ്പൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി,പൈലി വാത്തിയാട്ട്,എ.എൻ.അനുരാഗ്,രാകേഷ് കോഴഞ്ചേരി, അഡ്വ.സംഗീത വിശ്വനാഥൻ,അഡ്വ.പി.എസ്.ജോതിസ്,പച്ചയിൽ സന്ദീപ്, എ.ബി.ജയപ്രകാശ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപിന് കൊല്ലം ജില്ലാ പ്രസിഡന്റിന്റെ ചുമതല നൽകി. കെ. ബിന്ദുവിനെ സംസ്ഥാന കൗൺസിലിലേക്കും പി.സുന്ദരേശനെ (പത്തനംതിട്ട) സംസ്ഥാന എക്സിക്യൂട്ടീവിലേക്കും നോമിനേറ്റ് ചെയ്തു.
ഗവർണർക്ക്
പിന്തുണ
ഗവർണർക്കു നേരെയുള്ള അക്രമം പ്രതിഷേധാർഹമാണെന്നും സർവകലാശാലകൾ രാഷ്ട്രീയമുക്തമാക്കാൻ ഗവർണർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതായും യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. കേരളത്തിലെ വിലക്കയറ്റത്തിനും ക്രമസമാധാന തകർച്ചയ്ക്കുമെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകാനും തീരുമാനിച്ചു.