# സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുണ്ട് ലക്ഷങ്ങൾ

ആലപ്പുഴ: ജനങ്ങൾക്ക് ന്യായവിലയ്ക്ക് പച്ചക്കറി എത്തിക്കേണ്ട ഹോർട്ടികോർപ്പിനെ കൊല്ലാക്കൊല ചെയ്‌ത് സർക്കാർ. പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ പച്ചക്കറി വിതരണം ചെയ്‌തത് ഉൾപ്പടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ കിട്ടാക്കടമായതോടെ, പച്ചക്കറി വിതരണക്കാർക്ക് കൊടുക്കാനുള്ള കാശും

ജീവനക്കാരുടെ ശമ്പളവും ഉൾപ്പടെ കുടിശികയായി. ഹോർട്ടി കോർപ്പ് നേരിട്ട് നടത്തുന്ന സ്റ്റാളുകളിലെയും ഗോഡൗണുകളിലെയും ജില്ലാ ഓഫീസിലെയും ദിവസവേതനക്കാരായ കരാർ ജീവനക്കാരാണ് ഹോർട്ടികോർപ്പിന്റെ കിട്ടാക്കടത്തിൽ കഷ്ടത്തിലായത്.

ജില്ലയിലെ കുട്ടനാട് ഉൾപ്പെടെ ഇക്കഴിഞ്ഞ കാലവർഷകാലത്ത് ദുരിതാശ്വാസ ക്യാമ്പിലായിരുന്ന കുടുംബങ്ങൾക്ക് പച്ചക്കറിയെത്തിച്ച വകയിൽ 11ലക്ഷം രൂപയാണ് ഹോർട്ടികോ‌ർപ്പിന് കിട്ടാനുള്ളത്. കാലവർഷം കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും പച്ചക്കറി വാങ്ങിയ ഹോർട്ടികോർപ്പിന് പണം നൽകാൻ ജില്ലാ ഭരണകൂടമോ ദുരന്തനിവാരണ അതോറിട്ടിയോ തയ്യാറായിട്ടില്ല. ഇതിന് പുറമേ സ്കൂളുകൾ, ജയിൽ തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് പച്ചക്കറി വിതരണം ചെയ്യുന്നതിന്റെ പണവും യഥാസമയം കിട്ടുന്നില്ല. ഇത് കാരണം കർഷകർക്ക് മാത്രമല്ല, ഏജൻസികളിൽ പലരും സാധനം സപ്ളൈ ചെയ്യാൻ വിസമ്മതിക്കുകയാണ്. ഇത് സ്റ്റാളുകളിലെ സ്റ്റോക്കിനെയും കച്ചവടത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രളയത്തെ തുടർന്ന് പച്ചക്കറികളുടെ വരവ് കുറഞ്ഞ സാഹചര്യത്തിൽ ഹോർട്ടികോർപ്പിലും പല സാധനങ്ങളും ഔട്ട് ഓഫ് സ്റ്റോക്കാണ്. പൊതുവിപണിയിൽ പച്ചക്കറിവില ഉയർന്ന സാഹചര്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷക്കാലത്തെ വിൽപ്പനയെ ഇത് കാര്യമായി ബാധിക്കുമെന്നതിൽ സംശയമില്ല.

ശമ്പളമില്ല,​ വിൽപ്പനയും കുറഞ്ഞു

പതിനായിരം രൂപയ്ക്ക് മുകളിൽ പ്രതിദിനം വിൽപ്പന നടന്നിരുന്ന നഗരത്തിലെ പല സ്റ്റാളുകളിലും കഴിഞ്ഞ ഏതാനും മാസങ്ങളായി അയ്യായിരത്തിന് താഴെ മാത്രമാണ് വിൽപ്പന. കടവാടകയും ‌വൈദ്യുതി ചാർജും ജീവനക്കാരുടെ ശമ്പളവും മാറ്റിവച്ചാൽ മിക്ക ഷോപ്പുകളും കാര്യമായ ലാഭമില്ലാത്ത സ്ഥിതിയാണ്. ഇത്കാരണം ഹോർട്ടികോർപ്പ് ജീവനക്കാരുടെ ശമ്പളവും രണ്ട് മാസമായി മുടങ്ങിക്കിടക്കുകയാണ്. തുച്ഛവരുമാനക്കാരായ ജീവനക്കാർക്ക് ദിവസവേതന അടിസ്ഥാനത്തിൽ ലഭിക്കുന്ന ശമ്പളം കുടിശികയാകുന്നത് അവരുടെ കുടുംബത്തെ പട്ടിണിയിലാക്കും. ജില്ലാ ഭരണകൂടവും സർക്കാരും ഇടപെട്ട് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട കുടിശിക ലഭ്യമാക്കുക മാത്രമാണ് ഹോർട്ടികോർപ്പിനെ രക്ഷിക്കാനുള്ള പോംവഴി.

ഹോർട്ടികോർപ്പ്

സ്വന്തം സ്റ്രാളുകൾ : 9

ലൈസൻസികൾ: 17

ജീവനക്കാർ: 25

പ്രതിദിനവിറ്റുവരവ് : 1ലക്ഷം

2022ലെ ശരാശരി: 1.5ലക്ഷം