photo

ചേർത്തല: സങ്കീർണവും ചെലവേറിയതുമായ നട്ടെല്ലുശസ്ത്രക്രിയക്ക് ലളിതവും ചെലവുകുറഞ്ഞതുമായ സംവിധാനമൊരുക്കി ചേർത്തല കെ.വി.എം സൂപ്പർ സ്‌പെഷ്യാലി​റ്റി ആശുപത്രിയിലെ ന്യൂറോ സർജറിവിഭാഗം തലവനും ഡയറക്ടറുമായ ഡോ.അവിനാശ് ഹരിദാസ്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ന്യൂറോസർജന്മാരുടെ ലോകസമ്മേളനത്തിൽ അഞ്ജലി ടെക്നിക്ക് എന്ന പേരിൽ ശസ്ത്രക്രിയ അവതരിപ്പിക്കുകയും 130 ഓളം രാജ്യങ്ങളിൽ നിന്നായി 1700 ഓളം ന്യൂറോസർജ്ജന്മാർ പങ്കെടുത്ത സമ്മേളനം അംഗീകരിക്കുകയും കൂടുതൽ രാഷ്ട്രങ്ങൾ പിന്തുടരാൻ തീരുമാനിക്കുകയും ചെയ്തു.

നട്ടെല്ലുശസ്ത്രക്രിയയ്ക്ക് സാധാരണ വേണ്ടിവരുന്ന ചെലവിന്റെ അഞ്ചിലൊന്നു മാത്രമാണ് പുതിയ സംവിധാനത്തിൽ വേണ്ടിവരികയെന്നും കൂടുതൽ ലളിതവും സുരക്ഷിതവുമാണെന്നും ഡോ.അവിനാശ് ഹരിദാസ് പറഞ്ഞു. ഒന്നരകോടിയോളം വിലവരുന്ന ന്യൂറോ നാവിഗേഷൻ മെഷീൻ,​ 12 കോടിയോളം വിലവരുന്ന റോബോട്ടിക്ക് സ്‌പൈനൽ നാവിഗേഷൻ മെഷീൻ എന്നിവ ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയാണ് ഇതൊന്നുമില്ലാതെ അഞ്ജലി ടെക്നിക്കിലൂടെ നടത്തുന്നത്. ചേർത്തലയിൽ പുതിയ സംവിധാനത്തിൽ രണ്ടുശസ്ത്രക്രിയകൾ നടത്തി വിജയമായെന്നും രോഗികൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതായും അദ്ദേഹം പറഞ്ഞു.
ത്രിമാന ഇൻട്രാ ഓപ്പറേ​റ്റീവ് സി.ടി സ്‌കാൻ,​ ഡെസ്‌ക്ക് ടോപ്പ് സോഫ്ട് വെയർ എന്നിവയിലൂടെ മനസിലാക്കിയാണ് അഞ്ജലി ടെക്നിക്ക് നിർവഹിക്കുന്നത്.

ലണ്ടനിലെ എല്ലാ പ്രമുഖ ആശുപത്രികളിലും ന്യൂറോ സർജറി വിഭാഗത്തിൽ പരിശീലനം ലഭിക്കുകയും സേവനമനുഷ്ഠിക്കുകയും ചെയ്ത അവിനാശിന്,​ 2008ൽ ന്യൂറോളജിക്കൽ സൊസൈറ്റി ഒഫ് ബ്രിട്ടീഷ് ന്യൂറോളജിക്കൽ സയൻസിന്റെ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചതിന് അവാർഡും ലഭിച്ചിട്ടുണ്ട്. 2012 ൽ വിദേശ സേവനം അവസാനിപ്പിച്ച് തിരിച്ചെത്തിയ അദ്ദേഹം,​ സാധാരണക്കാർക്ക് ന്യൂറോ സർജറിയിൽ മെച്ചപ്പെട്ട ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങളോടുകൂടി കെ.വി.എം ആശുപത്രിയിൽ ന്യൂറോ സർജറിവിഭാഗം ആരംഭിച്ചത്.

പ്രചോദനം ഡോ.യാസർ ഗിൽ

തുർക്കിയിലെ ലോകപ്രശ്‌സത ബ്രെയിൻ സർജനായ ഡോ.യാസർ ഗില്ലിന്റെ കടുത്ത ആരാധകനാണ് ഡോ.അവിനാശ് ഹരിദാസ്. 2003ൽ മൊറോക്കേയിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. ബ്രെയിൻ സർജറിയുമായി ബന്ധപ്പെട്ട് അദ്ദേഹം 'ലൈല റിട്രാക്ടർ ' എന്ന പേരിൽ ഒരു സംവിധാനത്തിന് രൂപം നൽകി. അദ്ദേഹത്തിന്റെ മകളാണ് ലൈല. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മകളായ അഞ്ജലിയുടെ പേരുചേർത്ത് 'അഞ്ജലി ടെക്നിക്ക് 'എന്ന് പേര് അവിനാശ് നൽകിയത്. ഇപ്പോൾ 98 വയസുള്ള ഡോ.യാസർ ഗില്ല്,​ തുർക്കിയിലെ ഇസ്താംബൂളിലെ ആശുപത്രിൽ ഉപദേശകനായി പ്രവർത്തിച്ചുവരുന്നതായും ഡോ.അവിനാശ്ഹരിദാസ് പറയുന്നു.

അഞ്ജലി ടെക്നിക്ക്

 കോടികൾ വിലവരുന്ന മെഷീനുകൾക്ക് പകരം ത്രിമാന ഇൻട്രാ ഓപ്പറേ​റ്റീവ് സി.ടി സ്‌കാൻ,​ ഡെസ്‌ക്ക് ടോപ്പ് സോഫ്ട് വെയർ എന്നിവ ഉപയോഗിക്കുന്നു

 നട്ടെല്ലുശസ്ത്രക്രിയക്ക് സാധാരണ ചെലവാകുന്നതിന്റെ അഞ്ചിലൊന്ന് മാത്രം മതി

 ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം തന്നെ എണീറ്റിരിക്കാം

 മൂന്നാം ദിവസം നടന്നുതുടങ്ങാം