ആലപ്പുഴ : ആദ്യം ആശങ്കയായി മഴ. പിന്നാലെ കൊട്ടിക്കയറിയ മേളം. ഗജരാജൻമാരെ കണ്ട് ആർത്തു വിളിച്ച് ഉത്സവപ്രേമികൾ... കിടങ്ങാം പറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പകൽപ്പൂരം ആലപ്പുഴ നഗരത്തിന് അപൂർവ ദൃശ്യവിരുന്നായി. കേരളത്തിലെ തലപ്പൊക്കമുള്ള പത്ത് ഗജരാജാക്കൻമാരാണ് പകൽപ്പൂരത്തിൽ അണിനിരന്നത്.

ചിറയ്ക്കൽ കാളിദാസൻ ഭുവനേശ്വരി ദേവിയുടെയും ഈരാറ്റുപേട്ട അയ്യപ്പൻ ഭദ്രകാളി ദേവിയുടെയും തിടമ്പേറ്റി. പുതുപ്പള്ളി സാധു, പുത്തൻകുളം മോദി, പുത്തൻകുളം കേശവൻ, വേമ്പനാട് അർജ്ജുനൻ, വേമ്പനാട് വാസുദേവൻ, ചീരൂർമഠം രാജശേഖരൻ, ഉണ്ണിമങ്ങാട് മുരുകൻ, പനയ്ക്കൽ നന്ദൻ എന്നീ ഗജവീരൻന്മാർ ഇരുവശമായി അണിനിരന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ദീപംതെളിച്ച് പകൽപ്പൂരം ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് കെ.എസ്.ഷാജി കളരിക്കൽ ആനനയൂട്ടിന്റെ ഉദ്ഘാടനം നടത്തി.

തോണ്ടൻകുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആനകൾ ഘോഷയാത്രയായി വാദ്യമേളത്തിന്റെയും തെയ്യം, വേഷച്ചമയം എന്നിവയുടെയും അകമ്പടിയോടെയാണ് കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്ത് എത്തിയത്. പകൽപ്പൂരത്തിനു മുന്നോടിയായി ആനച്ചമയ പ്രദർശനവും നടന്നു. കുടവച്ചൂർ രാജീവിന്റെ നേതൃത്വത്തിൽ 51പേർ അണിനിരന്ന പഞ്ചാരിമേളം പകൽപ്പൂരത്തിന് കൊഴുപ്പേകി. തത്വമസി മീനാട്, പൂരംചുള്ളൻ ചേർത്തലയുടെ നേതൃത്വത്തിൽ 42പേർ കുടമാറ്റത്തിന് നേതൃത്വം നൽകി. 10സെറ്റായി വൈവിധ്യമാർന്ന 100 കുടകളാണ് കുടമാറ്റത്തിന് ഉപയോഗിച്ചത്.

ചടങ്ങുകൾക്ക് പ്രസിഡന്റ് കെ.എസ്.ഷാജി കളരിക്കൽ വൈസ് പ്രസിഡന്റ് ജി.മോഹൻദാസ് മാംപറമ്പിൽ, എം.കെ.വിനോദ്, ആർ.കൈലാസൻ, ആർ.സ്കന്ദൻ, പി.രാജേന്ദ്രൻ, പി.മുരളീധരൻ, ഉത്സവ ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ആർ.ആർ.ജോഷിരാജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ.രവീന്ദ്രൻ, ആർ.അനിൽകുമാർ, പി.ഷാജി, വി.കെ.പ്രകാശൻ, പി.ബി.രാജീവ് ടി.കെ.സന്തോഷ് കുമാർ, വി.കെ.മുരളീധരൻ, എസ്.കെ.സാബു, പി.ഡി.രാജീവ്, പി.സുബാഷ്, സി.രാധാകൃഷ്ണൻ, പി.കെ.സവിത, എസ്.ഉഷാകുമാരി, വിവിധ സബ്കമ്മിറ്റി ചെയർമാൻന്മാർ, ആഘോഷകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.