
ചേർത്തല: ആഘോഷം ബോധവൽക്കരണമാക്കി വ്യത്യസ്ത രീതിയിൽ ക്രിസ്മസ് ആഘോഷിച്ച് കണിച്ചുകുളങ്ങര ദേവസ്വം സ്‌ക്കൂൾ വിദ്യാർത്ഥികൾ.പുതുവത്സരത്തിലെ ലഹരി ഉപയോഗ സാദ്ധ്യതയും തുടർന്നുണ്ടാകാവുന്ന റോഡ് അപകടങ്ങളും ഒഴിവാക്കുന്നതിനായി നൂറിൽപ്പരം കുട്ടികൾ സാന്താക്ലോസ് വേഷമണിഞ്ഞ് എക്‌സൈസ്, ഗതാഗത വകുപ്പുകളുടെ സഹകരണത്തോടെ ജീവിതമാണ് ലഹരി എന്ന പേരിൽ സന്ദേശ യാത്ര നടത്തിയത്.തിരുവിഴ സ്‌കൂളിലും കണിച്ചുകുളങ്ങരയുടെ വിവിധ പ്രദേശങ്ങളിലും, ചേർത്തല നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും എത്തിയ സാന്താക്ലോസ് ലഹരി ഉപയോഗത്തിനെതിരെയും ഗതാഗത നിയമ പാലനത്തിന്റെ ആവശ്യകത പ്രതിപാദിക്കുന്നതുമായ ലഘുലേഖകൾ വിതരണം ചെയ്തു. സ്‌കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇ.ജി.ബാബു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാരാരിക്കുളം പൊലിസ് ഇൻസ്‌പെക്ടർ എ.വി.ബിജു ഫ്ലാഗ് ഒഫ് ചെയ്തു.സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എക്‌സൈസ് ഇൻസ്‌പെക്ടർ സേവ്യർ സന്ദേശം കൈമാറി. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ,പ്രഥമാദ്ധ്യാപകരായ കെ.പി.ഷീബ,ലീഡ ഉദയൻ,രജനീ രവീന്ദ്രൻ,എസ്.സുജീഷ, പി.ടി.എ പ്രസിഡന്റുമാരായ പ്രദീപ് പോത്തൻ,വിശ്വനാഥൻ,ബാബു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.