ചാരുംമൂട്: രാപ്പകൽ സമരത്തെ തുടർന്ന് ജോലി നിറുത്തിവച്ച കശുഅണ്ടി ഫാക്ടറികൾ തുറക്കുന്നതിന് തീരുമാനമായി. ഇന്നലെ കൊല്ലത്തെ ഹെഡ് ഓഫീസിൽ കശുഅണ്ടി വികസന കോർപറേഷൻ ചെയർമാനും ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് തീരുമാനം. 26 മുതൽ ഫാക്ടറികൾ പ്രവർത്തിക്കും.

ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ 20ദിവസം രാപ്പകൽ സമരം നടത്തുകയും തുടർന്ന് 23ശതമാനം ശമ്പള വർദ്ധനവ് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ സമരത്തിൽ ഏർപ്പെട്ട കായംകുളം, കരിമുളയ്‌ക്കൽ, നൂറനാട് എന്നീ ഫാക്ടറികളിലെ തൊഴിലാളികൾക്ക് ജോലി നിഷേധിക്കുകയും തുടർന്ന് ട്രേഡ് യൂണിയനുകൾ ഫാക്ടറിക്ക് മുന്നിൽ ധർണ നടത്തുകയും വീണ്ടും സമരം ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തതിനെത്തുടർന്നാണ് ചെയർമാൻ ചർച്ചയ്ക്ക് വിളിച്ചത്. കോർപ്പറേഷൻ ചെയർമാൻ ജയമോഹൻ, ബോർഡ് മെമ്പർ ശൂരനാട് ശ്രീകുമാർ,പ്രൊഡക്ഷൻ മാനേജർ ഗോപൻ , പേഴ്സണൽ മാനേജർ അജിത്ത് കുമാർ , ട്രേഡ് യൂണിയൻ നേതാക്കളായ ഷാജി നൂറനാട്, രാധാകൃഷ്ണൻ വള്ളികുന്നം, രതീഷ് കുമാർ കൈലാസം,എൻ.എൻ.വിജയൻ പിള്ള, എ.പ്രഭാകരൻ പിള്ള, റെജി സാമുവൽ, പി.കെ.ദിവാകരൻ, വി.കുട്ടപ്പൻ, ഫാക്ടറി കൺവീനർമാരായ ദേവകി,ലീല,പ്രഭ, ലളിത എന്നിവർ ചർച്ചയിൽ പങ്കെടുത്തു