ആലപ്പുഴ: കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് അജിമോൻ കണ്ടല്ലൂരിനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. എ.ഐ.സി.സി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ 15ന് കായംകുളത്ത് വച്ചാണ് ഇരുകാലുകളുമില്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോനെ ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച അജിമോനെ സമീപത്തുണ്ടായിരുന്ന പൊലീസുകാർ എടുത്തുമാറ്റിയെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു.
കായംകുളം പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അറസ്റ്റ്ചെയ്തിട്ടില്ല. അജിമോനെ പിന്നിൽ നിന്ന് ചവിട്ടുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴും ചികിത്സയിലായ അജിമോൻ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നു.