a

മാവേലിക്കര: പുതുതായി നിർമാണത്തിനൊരുങ്ങുന്ന ആറാട്ടുകടവ് പാലത്തിനെതിരെ നാട്ടുകാർ. മാവേലിക്കരയിൽ നിന്ന് തിരുവല്ല ഭാഗത്തേക്ക് അച്ചൻകോവിലാറിനു കുറുകെ ഇപ്പോൾ തന്നെ രണ്ടു പാലങ്ങളുണ്ട്. പ്രായിക്കര പാലവും വലിയപെരുമ്പുഴ പാലവും. ഈ രണ്ടു പാലങ്ങൾ തമ്മിൽ രണ്ടു കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ. ഈ സാഹചര്യത്തിലാണ് ഇതിനു മദ്ധ്യത്തായി മൂന്നാമതൊരു പാലം വരാൻ പോകുന്നത്. കായംകുളത്ത് നിന്ന് ചെട്ടികുളങ്ങര വഴി തിരുവല്ലയ്ക്ക് പോകുന്ന വാഹനങ്ങൾ തട്ടാരമ്പലം, വലിയപെരുമ്പുഴ പാലം വഴിയും രണ്ടാംകുറ്റി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാവേലിക്കര പ്രായിക്കര പാലം വഴിയുമാണ് പോകുന്നത്. കണ്ടിയൂർ ബൈപ്പാസ് കൂടി വന്നതോടെ മാവേലിക്കര ടൗണിൽ പ്രവേശിക്കാതെ പ്രായിക്കര പാലത്തിൽ എത്താനും കഴിയും. കണ്ടിയൂർ പ്രദേശവാസികൾക്ക് തിരുവല്ലയ്ക്ക് പോകാൻ തൊട്ടടുത്തായി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉണ്ട്. പിന്നെ എന്തിനാണ് വൻ തുക ചെലവഴിച്ച് മൂന്നാമതൊരു പാലം എന്നാണ് നാട്ടുകാരുടെ ചോദ്യം.

.....

 കണ്ടിയൂരിന്റെ സാംസ്‌കാരിക തനിമ ഇല്ലാതാകും

പാലത്തിന്റെ തുടക്കം കണ്ടിയൂർ ആറാട്ട് കടവിൽ നിന്നാണ്. കണ്ടിയൂർ മഹാദേവന്റെയും മാവേലിക്കര ശ്രീകൃഷ്ണസ്വാമിയുടെയും ആറാട്ട് നടക്കുന്ന കടവാണ് കണ്ടിയൂർ ആറാട്ട് കടവ്. എല്ലാവർഷവും കർക്കടകവാവിന് ആയിരങ്ങൾ ഇവിടെ പിതൃതർപ്പണം നടത്തുന്നുണ്ട്. മറ്റം നരസിംഹ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തിന്റെ അഭിവ്യഥസ്‌നാനം നടക്കുന്നതും മറ്റം തെക്ക് മുത്താരംകോവിൽ, മാരിയമ്മൻകോവിൽ എന്നിവിടങ്ങളിലെ ആറാട്ട് ഘോഷയാത്ര ആരംഭിക്കുന്നതും ഈ കടവിൽ നിന്നാണ്.

പാലത്തിന്റെ പണി പൂർണമാകുമ്പോൾ കണ്ടിയൂർ ആറാട്ട്കടവ് തന്നെ ഇല്ലാതാകും. ഇത് കണ്ടിയൂരിന്റെ സാംസ്‌കാരിക തനിമയെ ഇല്ലാതാക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.