
ആലപ്പുഴ: പോള തിങ്ങിനിറഞ്ഞത് കാരണം ചുങ്കം - പള്ളാത്തുരുത്തി തോട്ടിൽ ഗതാഗതം സ്‌തംഭനാവസ്ഥയിൽ. വള്ളം തുഴഞ്ഞ് പോകാനാകാത്ത സ്ഥിതിയാണുള്ളത്. കുട്ടനാട്ടിലെ കൃഷി ആവശ്യങ്ങൾക്കുള്ള വിത്ത്, വളം, കീടനാശിനി, പണിയായുധങ്ങൾ എന്നിവയും ചെറുകച്ചവടക്കാരും മത്സ്യവ്യാപാരികളും സാധനങ്ങൾ കുട്ടനാട്ടിലേക്ക് കൊണ്ടുപോയിരുന്നത് ഈ തോട് വഴിയാണ്. ദിവസേന വളർന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന പോളകാരണം ചെറുവള്ളങ്ങളുടെയും എൻജിൻ ഘടിപ്പിച്ച വള്ളങ്ങളുടെയും സഞ്ചാരം പ്രസിസന്ധിയിലാണ്. കുട്ടനാട്ടിലെ കർഷകരും കർഷകത്തൊഴിലാളികളും സാധാരണക്കാരുമാണ് ജല യാത്രയെ പ്രധാനമായി ആശ്രയിക്കുന്നത്. മണിക്കൂറുകളെടുത്ത് പോള നീക്കം ചെയ്താണ് ഇപ്പോൾ പലരും വള്ളത്തിൽ അക്കരെ സാധനങ്ങൾ എത്തിക്കുന്നത്.
വഴിമുടക്കി കച്ചവടത്തോട്
വർഷങ്ങളായി വ്യാപാരആവശ്യത്തിന് ഉപയോഗിച്ചുവരുന്ന ചുങ്കം - പള്ളാത്തുരുത്തി തോടിനെ കച്ചവടത്തോടെന്നാണ് പഴമക്കാർ വിളിച്ചിരുന്നത്. വീട്ടുസാധനങ്ങൾ മുതൽ ഹാർബറിൽ നിന്നുള്ള മീൻ ഉൾപ്പടെ കുട്ടനാട്ടിലേക്ക് വ്യാപാരികൾ എത്തിക്കുന്നത് ചെറുവള്ളങ്ങളിലാണ്. ചുങ്കത്ത് നിന്ന് വള്ളത്തിൽ കയറ്റുന്ന സാധനങ്ങൾ കുട്ടനാടൻ പ്രദേശത്തെ ഇടത്തോടുകൾ വഴി വീടുവീടാന്തരം കച്ചവടം ചെയ്തു പോന്നു. പിന്നീട് ഇത്തരം വ്യാപാരികളുടെ എണ്ണം കുറഞ്ഞെങ്കിലും, ധാരാളം പേർ നഗരത്തിലെത്താനും തിരികെപ്പോരാനും കച്ചവടത്തോടിനെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്.
കോടികൾ അനുവദിച്ചെങ്കിലും കനാൽ നവീകരണവും പോള നീക്കലും ഇനിയും ഏറെ അകലെയാണ്. ക്രിസ്‌മസ്- പുതുവത്സരം, മുല്ലയ്ക്കൽ-കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളിലെ ഉത്സവകാലം എന്നിവ കണക്കിലെടുത്ത് കച്ചവടത്തോട്ടിലെ പോള നീക്കം ചെയ്യുന്നതിന് അടിയന്തര നടപടിയുണ്ടാവണം
- പി.ജെ.കുര്യൻ, സംസ്ഥാന ജനറൽ സെക്രട്ടറി, കിസാൻ ജനത