ആലപ്പുഴ: ചിറപ്പ് - മണ്ഡല മഹോത്സവങ്ങൾ പൊടിപൊടിക്കുന്നതിനിടെ ക്രിസ്മസ് കൂടിയെത്തിയതോടെ ആലപ്പുഴ നഗരത്തിൽ ആഘോഷപ്പൂരം. ക്രിസ്മസ് പരീക്ഷയ്ക്ക്ശേഷം സ്കൂളുകളും കോളേജുകളും പത്ത് ദിവസത്തെ അവധിയ്ക്ക് അടച്ചതോടെ ഉത്സവഘോഷത്തിനായി ആളുകൾ സകുടുംബമെത്തിതുടങ്ങി. നിന്ന് ഇന്നലെ വൈകിട്ട് കിടംങ്ങാംപറമ്പിൽ ക്ഷേത്രത്തിൽ നിന്നാരംഭിച്ച താലപ്പൊലി നഗരത്തെ ഭക്തിസാന്ദ്രമാക്കി. താളമേളങ്ങൾ, ഗരുഡൻ, ദീപാലങ്കാരം,കരിമരുന്ന് എന്നിവയുടെ അകമ്പടിയോടെ വവടക്കേനടയിൽ നിന്നാരംഭിച്ച താലപ്പെലി തോണ്ടൻ കുളങ്ങര സ്റ്റാച്യൂ ജംഗ്ഷൻ വഴി ദേവീസന്നിധിയിൽ സമാപിച്ചു. മുല്ലയ്ക്കൽ ചിറപ്പ് ഉത്സവം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ ഭക്ത ജനത്തിരക്കേറി. ഉത്സവത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ വഴിയോരക്കച്ചവടവും സജീവമാണ്. ക്രിസ്മസ് അവധി കൂടി ആരംഭിച്ചതോടെ നഗരഹൃദയത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലുമുള്ള വഴിയോരക്കച്ചവടകേന്ദ്രങ്ങളിലും കടകളിലും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കേറിയിട്ടുണ്ട്.സീറോജംഗ്ഷൻ മുതൽ സ്റ്റാച്യൂവരെ വഴിയോരം അന്യ സംസ്ഥാനക്കാരായ കച്ചവടക്കാർ കൈയ്യടക്കികഴിഞ്ഞു.പോപ്പി ഗ്രൗണ്ടിലെ റൈഡുകൾ ആസ്വദിക്കാനും വൈകുന്നേരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്സവവിപണിയ്ക്കൊപ്പം കടകളിൽ ക്രിസ്മ്മസുമായി ബന്ധപ്പെട്ട കച്ചവടവും ഉഷാറാണ്. കേക്ക്, വൈൻ എന്നിവയും ക്രിസ്മസ് സ്റ്റാറുകൾ, ക്രിസ്മസ് ട്രീ , പുൽക്കൂട് അലങ്കരിക്കുന്നതിനുള്ള അലങ്കാര വസ്തുക്കൾ എന്നിവയുടെ വിപണിയും സജീവമാണ്. തുണിക്കടകളിലും ബേക്കറികളിലുമെല്ലാം ക്രിസ്മസുമായി ബന്ധപ്പെട്ട കച്ചവടം പൊടിപൊടിക്കുകയാണ്.