
ഹരിപ്പാട് : സംരക്ഷിത പുറംബണ്ടുകളില്ലാത്തതിനെത്തുടർന്ന് ,അപ്പർ കുട്ടനാട്ടിലെ നദീതീരങ്ങളോട് ചേർന്നു കിടക്കുന്ന ഹെക്ടർ കണക്കിന് വ്യാപ്തിയുള്ള നിരവധി പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നത് വൈകുന്നു. വേനൽമഴയിലെ കൃഷിനാശം ഭയന്ന് കൃഷി ഉപേക്ഷിക്കുന്നവരും ഏറെയാണ്.
വിയപുരം കൃഷിഭവൻ പരിധിയിൽ, അച്ചൻ കോവിൽ ആറിനോട് ചേർന്ന് 220 ഏക്കർ വിസ്തീർണ്ണമുള്ള വെട്ടിപ്പുതുക്കരി പാടശേഖരത്തിന്റെ ഒരു വശത്ത് പുറംബണ്ടില്ലാത്തതിനാൽ കൃഷിയിറക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന നേന്ത്രവേലി പാടത്ത് പമ്പിംഗ് ജോലികൾ ആരംഭിച്ചതേയുള്ളൂ. ഹരിപ്പാട്,വീയപുരം കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന മഞ്ഞപ്പള്ളി, ചേക്കാമായ്ക്കരി പാടശേഖരങ്ങളിലാകട്ടെ ഇക്കുറി കൃഷി ഇറക്കേണ്ടെന്ന് കർഷകരും പാടശേഖര സമിതിയും തീരുമാനിച്ചു. ഇവിടെ, പുറംബണ്ടില്ലെന്ന് മാത്രമല്ല ചെറിയ വെള്ളത്തിന്റെ അതിസമ്മർദ്ദത്ത ചെറുക്കാൻ പോലും നിലവിലുള്ള ചെറിയ ചിറയ്ക്ക് കഴിയുന്നുമില്ല. ചെറിയ പാടശേഖരമായ ഇവിടെ പമ്പിംഗിനുള്ള സ്വന്തം പെട്ടിയും പറയും പോലുമില്ലെന്നതാണ് സ്ഥിതി. വേനൽക്കാലത്ത് പോലും വെള്ളം ഒഴിയാത്ത പാടശേഖരമാണിത്.
വെള്ളപ്പൊക്കം അതിജീവിക്കില്ല
ശക്തമായ പുറംബണ്ടുകളില്ലെങ്കിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാനാകില്ല
കൃഷി ഇറക്കാൻ വൈകുന്നത് കാർഷിക കലണ്ടർ അപ്പാടെ തെറ്റുന്നതിന് ഇടയാകും
വേനൽമഴയ്ക്ക് മുമ്പ് വിളവെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻകൃഷിനാശമാകും കാത്തിരിക്കുക
ഏപ്രിൽ ആദ്യവാരത്തിനു മുമ്പെങ്കിലും വിളവെടുപ്പ് നടത്തേണ്ടതായിട്ടുണ്ട്
കൃഷിയുടെ മുന്നൊരുക്കങ്ങൾ വൈകുന്നത് വിളവെടുപ്പ് വൈകാനിടയാക്കും
മാർച്ച് അവസാനമോ ഏപ്രിൽ ആദ്യവാരത്തോടെയോ വിളവെടുക്കാൻ കഴിയുന്ന തരത്തിലേ ഇവിടെ കൃഷിയിറക്കാൻ കഴിയൂ. അല്ലെങ്കിൽ, വേനൽമഴ മൂലം കൃഷിനാശം സംഭവിക്കും. മുൻകാല അനുഭവങ്ങൾ അങ്ങനെയാണ്
- പാടശേഖര സമിതി ഭാരവാഹികൾ