
പൂച്ചാക്കൽ: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും ചേർത്തല കോടതിയിലെ അഭിഭാഷകനുമായ അഡ്വ.ബി.ബാലാനന്ദിന്റെ മകൻ പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാർഡ് അച്ചാമഠത്തിൽ (കൃഷ്ണ ജ്യോതി ) കൃഷ്ണാനന്ദ് (കിച്ചു - 20) വാഹനാപകടത്തിൽ മരിച്ചു. ചേർത്തല അരൂക്കുറ്റി റോഡിൽ ചെങ്ങണ്ട പാലത്തിന് വടക്ക് വശത്ത് വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. കൃഷ്ണാനന്ദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും മിനി വാനും കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാൻ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടർ യാത്രക്കാരായ മറ്റ് രണ്ട് യുവാക്കൾക്കും പരിക്കേറ്റു. ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാളെ ചേർത്തല താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡിലേയ്ക്ക് തെറിച്ച് വീണ കൃഷ്ണാനന്ദിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന്
എറണാകുളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ ബയോ മെഡിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് കൃഷ്ണാനന്ദ്. പൊലീസ് നടപടികൾക്ക് ശേഷം സംസ്ക്കാരം നടത്തി. മാതാവ്: ദീപ (ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ് വൈ യു.പി.സ്കൂൾ അദ്ധ്യാപിക ) സഹോദരി: ജ്യോതിലക്ഷ്മി (വിദ്യാർത്ഥിനി).