ഹരിപ്പാട് : മോഹൻലാലിന്റെ നേര് എന്ന സിനിമയിലെ കഥാപാത്രമായ സീമ,​

ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം സിനിമ കാണാനെത്തിയത് സന്തോഷത്തിന്റെ സംഗമമായി. ഹരിപ്പാട് ആശിർവാദ് തീയറ്ററിലാണ് സിനിമാതാരം രശ്മി അനിലിനൊപ്പം നേര് കാണാൻ ഗാന്ധിഭവൻ സ്നേഹവീട്ടിലെ കുടുംബാംഗങ്ങൾ

എത്തിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമ കാണാൻ വലിയ തിരക്കായിരുന്നു.

എത്ര തിരക്കിനിടയിലും തന്റെ സ്നേഹവാത്സ്യങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ രശ്മിയെത്തിയത് അന്തേവാസികൾക്ക് വലിയ സന്തോഷമായി. സമയംകിട്ടുമ്പോഴെല്ലാം ഗാന്ധിഭവൻ സ്നേഹവീട്ടിലെ കുടുംബാംഗങ്ങളെ കാണാൻ ഓടിയെത്താറുള്ള രശ്മി ഇവർക്ക് പ്രിയപ്പെട്ട മകളാണ്. കഴിഞ്ഞ അവിട്ടദിനത്തിൽ ഇവരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും ഓണസദ്യയും ഓണപ്പുടവയുമെല്ലാം നൽകി സന്തോഷത്തോടെ യാത്രയാക്കിയപ്പോൾ എന്റെ അടുത്ത സിനിമ റിലീസ് ചെയ്യുമ്പോൾ നമുക്ക് ഒന്നിച്ചു പോയി കാണാമെന്ന് വാക്ക് നൽകി നൽകിയിരുന്നു. അതാണ് ഇന്നലെ സത്യമായത്.

നേരിൽ ശ്രദ്ധേയമായ വേഷമാണ് രശ്മി അനിൽ അവതരിപ്പിച്ചിരിക്കുന്നത്.

സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീറിനൊപ്പം മുതിർന്ന അംഗം ജാനകിയമ്മ, ബാലാമണിയമ്മ, ചിത്ര ദേവി, രാമചന്ദ്രപ്പണിക്കർ, രാഘവൻപിള്ള, കൊച്ചുമോൻ, സുലോചന, പൊന്നമ്മ, സനൽ കുമാർ, അജയകുമാർ, രാവുണ്ണി എന്നിവരും ഉണ്ടായിരുന്നു.