
കായംകുളം: കായംകുളം - കാർത്തികപ്പള്ളി റോഡിൽ വാഹനയാത്രക്കാർക്ക് ദുരിതയാത്ര. ഒരു വർഷമായി കുഴികളിൽ വീണ് യാത്രക്കാർക്കാരുടെ നടുവൊടിയാൻ തുടങ്ങിയിട്ട്. കുഴിയിൽ വീണ് അപകടമുണ്ടാകുന്ന യാത്രക്കാരോട് അധികൃതർക്ക് ന്യായീകരണങ്ങൾ മാത്രമാണ് നിരത്താനുള്ളത്. റോഡിന്റെ നിർമ്മാണം ഏറ്റെടുത്ത കാരാറുകാരൻ പിൻമാറിയതാണ് നിർമ്മാണം ഇഴയുന്നതിന്റെ അധികൃതരുടെ വിശദീകരണം. യാത്രികർ കുഴിയിൽ വീണ് അപകടങ്ങൾ പരമ്പരയായി മാറിയിട്ടും റീ ടാർ ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ പി.ഡബ്ളിയു.ഡി അധികൃതർ ആരംഭിച്ചിട്ടില്ല. കായംകുളത്തിന് പടിഞ്ഞാറോട്ടുള്ള ഏറെ തിരക്കേറിയ റോഡാണിത്. കൊച്ചിയുടെ ജട്ടി പാലവും, അഴീക്കൽ പാലവും വന്നതോടെ തീരദേശ പ്രദേശങ്ങളിലുള്ളവർക്ക് കായംകുളത്തേക്ക് വരുവാനുള്ള പ്രധാന മാർഗമാണ് ഈ റോഡ്. കായംകുളത്തിന് പടിഞ്ഞാറുള്ള തീരദേശ പഞ്ചായത്തുകളായ കണ്ടല്ലൂർ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, മുതുകുളം എന്നിവിടങ്ങളിലെ പതിനായിരക്കണക്കിന് യാത്രക്കാരാണ് നിത്യവും ഇതു വഴി സഞ്ചരിക്കുന്നത്.
കോളേജ് ജംഗ്ഷൻ മുതൽ പുല്ലുകുളങ്ങര വരെ റോഡ് പൂർണ തകർച്ചയിലാണ്. കോളേജ് ജംഗ്ഷൻ, കരുവിൽ പീടിക, ഐകൃജംഗ്ഷൻ, ഞാവക്കാട്, പുളിമുക്ക്, മുഴങ്ങോടിക്കാവ് എന്നിവിടങ്ങളികൽ വലിയ കുഴികൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് തുടർച്ചയായി അപകടങ്ങൾ നടക്കുന്നത്. റോഡ് റീ ടാർ ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും അതിനുള്ള നടപടികൾ ആരംഭിക്കാത്തത് പ്രതിഷേധത്തിലാണ് നാട്ടുകാർ. ഉത്തരവാദിത്തപ്പെട്ട ജന പ്രതിനിധികൾക്ക് പരാതി നൽകിയിട്ടും പ്രയോജനം ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
...............
# കായംകുളം - കാർത്തികപ്പള്ളി റോഡ്
പുല്ലുകുളങ്ങര മുതൽ എം.എസ്.എം കോളേജ് ജംഗ്ഷൻവരെയുള്ള ഭാഗത്താണ് റോഡ് .
തീരദേശ മേഖലയെ ദേശീയപാതയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
മഴ പെയ്താൽ റോഡ് വെള്ളക്കെട്ടാകും.
റോഡിലെ കുഴിയിൽ വീണ് വാഹന അപകടം നിത്യസംഭവം.