ആലപ്പുഴ : പൈതൃകനഗരം പദ്ധതിക്ക് അനക്കമില്ലാതായതോടെ ആലപ്പുഴക്കാരുടെ കാത്തിരിപ്പ് അനന്തമായി നീളുന്നു. 2020ൽ നഗരം പൈതൃക ടൂറിസം നഗരമായി മാറുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനിടെ കൊവിഡും സാങ്കേതിക കാലതാമസവും വില്ലനായി. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ, മക്കാം മസ്ജിദ്, സൗക്കാർ മസ്ജിദ് എന്നിവയുടെ നവീകരണം മാത്രമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയായത്.

ന്യൂ മോഡൽ കയർ സൊസൈറ്റിയിലെ കയർ ലിവിംഗ് മ്യൂസിയം, കയർ കോർപ്പറേഷനിലെ കയർ ചരിത്ര മ്യൂസിയം, യാൺ മ്യൂസിയം തുടങ്ങിയവയുടെ നവീകരണം നടക്കുകയാണ്. വിവിധ ഏജൻസികളെ ഒരു കുടക്കീഴിലാക്കി 2018ലാണ് പൈതൃക നഗരം പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കാത്തിരിപ്പിന് അഞ്ച് വർഷത്തിന്റെ ദൈർഘ്യമുണ്ട്.

ജില്ലയിൽ 21 മ്യൂസിയങ്ങൾ

1. ജില്ലയിൽ വർഷത്തിൽ അഞ്ച് ലക്ഷത്തോളം സഞ്ചാരികൾ എത്തുന്നുണ്ടെന്നാണ് കണക്ക്. കൊവിഡ് കാലത്ത് ഇതിൽ വൻ ഇടിവ് വന്നെങ്കിലും വിനോദസഞ്ചാര മേഖല ഇപ്പോൾ ഉണർവിന്റെ പാതയിലാണ്

2. നഗരത്തിലെത്തി വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് യാത്രയും നടത്തി പോകുന്നതാണ് സഞ്ചാരികളുടെ പതിവ്. ഇതിൽ നിന്ന് വ്യത്യസ്തമായി ആലപ്പുഴയുടെ പഴമയിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുകയാണ് പദ്ധതിലക്ഷ്യം

3.ലൈറ്റ് ഹൗസ്, കലവൂരിലെ കയർ മ്യൂസിയം, കൃഷ്ണപുരം കൊട്ടാരം എന്നിവയൊന്നും സഞ്ചാരികളുടെ മുഖ്യ ലിസ്റ്റിൽ ഇതുവരെ ഇടം പിടിച്ചിട്ടില്ല.

4. കനാൽ നവീകരണവും കടൽപ്പാല പുനരുദ്ധാരണവും പദ്ധതിയുടെ ഭാഗമാണെങ്കിലും നടപടികളിൽ പുരോഗതിയില്ല

നവീകരിക്കുന്ന കെട്ടിടങ്ങൾ : 11

തുറമുഖ മ്യൂസിയം

പൈതൃകനഗരം പദ്ധതിയിലെ ഏറ്റവും ബൃഹത്തായതാണ് ആലപ്പുഴ തുറമുഖ മ്യൂസിയം. ഇതിന്റെ ഭാഗമായി പഴയ കടൽപ്പാലം നവീകരിക്കും. പഴയ തുറമുഖ ഓഫീസും അതിനോട് ചേർന്ന ഗോഡൗണുകളുമാണ് മ്യൂസിയമാക്കുക. ആലപ്പുഴയിൽ വന്നിരുന്ന കപ്പലുകളുടെ മാതൃകകൾ ഇവിടെ പ്രദർശിപ്പിക്കേണ്ടതുണ്ട്. കനാൽക്കരയിലെ നടപ്പാതയും സൈക്കിൾ ട്രാക്കും അടക്കമുള്ള പദ്ധതിയും സാങ്കേതിക അനുമതി കാത്തുകിടപ്പാണ്.

കയർ ചരിത്ര മ്യൂസിയം,​ ലിവിംഗ് മ്യൂസിയം, യാൺ മ്യൂസിയം എന്നിവയുടെ നവീകരണം അന്തിമഘട്ടത്തിലാണ്. കനാൽക്കരയിലെ പദ്ധതികൾ സാങ്കേതിക അനുമതി കാത്തിരിക്കുകയാണ്

- മുസിരിസ് പ്രൊജക്ട് അധികൃതർ