
മാന്നാർ: നവീകരിച്ച മേൽപ്പാടം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശയും മൂന്നിന്മേൽ കുർബാനയും 25, 26, തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കുറിയാക്കോസ് സഹനായുടെ തിരുശേഷിപ്പ് സ്ഥാപിച്ച മലങ്കരയിലെ ആപൂർവം ചിലപള്ളികളിൽ ഒന്നായ നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്നു. കേരളീയ വാസ്തു ശില്പകലയുടെ അടിസ്ഥാനത്തിൽ 85 ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധരിച്ച ദേവാലയത്തിന്റെ നിർമ്മാണം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. 25ന് വൈകിട്ട് 6ന് സന്ധ്യാനമസ്കാരവും തുടർന്ന് നടക്കുന്ന കൂദാശ കർമ്മത്തിനും നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി പ്രധാന കാർമ്മികത്വം വഹിക്കും. 26ന് രാവിലെ 6.45ന് മൂന്നിന്മേൽ കുർബാനക്ക് മെത്രാപ്പോലിത്ത കാർമ്മികത്വം വഹിക്കും. തുടർന്ന് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ഉദ്ഘാടനം നിർവഹിക്കും. പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ മുഖ്യസന്ദേശം നൽകും. വികാരി ഫാ.വർഗീസ് മാത്യു, ട്രസ്റ്റി തോമസ് മണലേൽ, സെക്രട്ടറി സജി വർഗീസ് നാൽപ്പത്തഞ്ചിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.