അമ്പലപ്പുഴ: തിരഞ്ഞെടുപ്പിനെ തുടർന്ന് പുറക്കാട് ഐ.ടി.ഐയിൽ സംഘർഷം, മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കും രണ്ട് കെ.എസ്.യു പ്രവർത്തകർക്കും പരിക്കേറ്റു. എസ്.എഫ്.ഐ പ്രവർത്തകരായ അഭിനവ്, ജിഷ, മുബീൻ എന്നിവർക്കും കെ.എസ്.യു പ്രവർത്തകരായ വിഷ്ണു പ്രസാദ്, ആര്യ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഘർഷം ഉടലെടുത്തത്. 6 സീറ്റിൽ എസ്.എഫ്.ഐയും ഒരു സീറ്റിൽ കെ.എസ്.യു വിജയിക്കുകയും ജനറൽ സെക്രട്ടറിയായി കെ.എസ്.യുവിന്റെ മിഥുൻ ലാൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെയാണ് സംഘർഷം ഉടലെടുത്തത്.
അമ്പലപ്പുഴ പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ മാറ്റിയത്. എല്ലാക്യാമ്പസുകളിലും എസ്.എഫ്.ഐ മാത്രം മതിയെന്ന എസ്.എഫ്.ഐ യുടെ നിലപാടാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് കെ.എസ്.യുവും, എസ്.എഫ്.ഐ യുടെ വിജയത്തിൽ വിറളി പൂണ്ട കെ.എസ്.യു അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. അമ്പലപ്പുഴ പൊലീസ് കേസ്സെടുത്തു.