photo

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിൽ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൃഷിഭവൻ വഴി കർഷകർക്ക് ഏത്ത വാഴവിത്തുകൾ വിതരണം ചെയ്തു. ഒരു കർഷകന് 300 രൂപയുടെ വാഴവിത്തും 350 രൂപയുടെ വളവും ലഭിക്കും. ഇതിന് 175 രൂപ മാത്രമാണ് ഈടാക്കുന്നത്. ഗ്രാമസഭ ലിസ്റ്റിൽ നിന്നുള്ള ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ജി.വേണു വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഒരു ഉത്പന്നം പദ്ധതിയിൽ നേന്ത്രക്കായ ഉപ്പേരി പുറത്തിറക്കുന്നതിന്റെ ഭാഗം കൂടിയാണ് വാഴവിത്ത് വിതരണമെന്ന് പ്രസിഡന്റ് പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ, പഞ്ചായത്തംഗം ആത്തുക്കാബീവി, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.