കുട്ടനാട് : 91-ാമത് ശിവഗിരി -ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായി അരുളുള്ളവനാണ് ജീവിയെന്ന ഗുരുവിന്റെ നവാക്ഷരി മന്ത്രം പ്രാവർത്തികമാക്കിയ കുട്ടനാട് യൂണിയൻ ഭാരവാഹികൾക്ക് വിവിധ ശാഖകളുടെ അഭിനന്ദനം. ചക്കച്ചമ്പാക്ക ശാഖയിലെ രഞ്ജിത്ത് കുമാറിന് ചികിത്സാസഹായമായി 2.5 ലക്ഷം അനുവദിച്ചത് കൂടാതെ വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഭവനനിർമ്മാണം, വിധവകളുടെ മക്കളുടെ വിവാഹം, ക്യാൻസർ രോഗികൾക്കുള്ള സഹായം എന്നിങ്ങനെ നിരവധി പേർക്ക് യൂണിയൻ നേതൃത്വത്തിൽ ധനസഹായം പ്രഖ്യാപിച്ചതിനായിരുന്നു അഭിനന്ദനം.
കൈനകരി 23-ാം നമ്പർ ശാഖായോഗം ഇളംങ്കാവ് ക്ഷേത്രസന്നിധിയിൽ 25ന് നടക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്ര വേദിയിൽ വച്ച് ധനസഹായം നൽകും. ഗുരുകാരുണ്യം ജനസേവന കേന്ദ്രം വഴി ഒരു കോടി 17 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തതായി കുട്ടനാട് യൂണിയൻ ചെയർമാൻ ബിനീഷ് പ്ലാത്താനത്ത്, വൈസ്ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി എന്നിവർ പറഞ്ഞു.