മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ധേയത്തിനെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് തിരഞ്ഞെടുപ്പ്നടക്കും. ആകെയുള്ള പതിനെട്ട് സീറ്റിൽ വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ധേയം പുറത്തായതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ടുസീറ്റ് വീതവും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് നിലവിലുള്ളത്. ഇരുമുന്നണികളിൽ നിന്നുമുള്ള ഘടകകക്ഷി അംഗങ്ങൾ വൈസ്പ്രസിഡന്റ് സ്ഥാനാർത്ഥികളാകും. യു.ഡി.എഫിൽ നിന്ന് മുസ്ലിം ലീഗിലെ ഷൈന നവാസും എൽ.ഡി.എഫിൽ നിന്നും കേരള കോൺഗ്രസ് (എം)ലെ സെലീന നൗഷാദും തമ്മിലാണ് മത്സരം. ഘടകക ക്ഷികൾ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് ആവശ്യം ഉന്നയിച്ചതോടെ ഇരു മുന്നണികളിലും നടന്ന നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്നലെ രാത്രിയിലാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.

പാവുക്കര മൂന്നാം വാർഡിൽ നിന്നുമുള്ള അംഗമാണ് സെലീന നൗഷാദ്. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയിൽ വൈസ്പ്രസിഡന്റായിരുന്ന ഷൈന നവാസ് മാന്നാർ ടൗൺ വാർഡിൽ നിന്നുമുള്ള അംഗമാണ്. 19 നു നടന്ന പ്രസിഡന്റിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ ബി.ജെ.പി വിട്ടു നിന്നതിനാൽ വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിട്ടു നിൽക്കാനാണ് സാദ്ധ്യത. അങ്ങനെയായാൽ വോട്ടിങ് നില 8 വീതം തുല്യ നിലയിലെത്തുമെന്നതിനാൽ നറുക്കെടുപ്പിലൂടെയായിരുക്കും വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. കോഓറേറ്റിവ് സൊസൈറ്റി(ആഡിറ്റ്) അസിസ്റ്റന്റ് ഡയറക്ടർ വരണാധികാരിയായി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ പതിനൊന്നിനാണു തിരഞ്ഞെടുപ്പ്.

സെലീന നൗഷാദ്,ഷൈന നവാസ്