ആലപ്പുഴ : സ്‌കൂളുകൾക്ക് ക്രിസ്മസ് അവധിയായതോടെ മുല്ലയ്ക്കൽ തെരുവിൽ ആഘോഷത്തിരക്കേറി. മുല്ലയ്ക്കൽ-കിടങ്ങാംപറമ്പ് റോഡിന്റെ ഇരുവശങ്ങളിലും കച്ചവടം പൊടിപൊടിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ വഴിവാണിഭക്കാരാണ് മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ഉത്സവ ദിവസങ്ങൾക്ക് മാറ്റുകൂട്ടുന്നത്. ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടുന്നതാണ് ആഘോഷത്തിരക്കിലെ മറ്റൊരു കാഴ്ച.
കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ഭുവനേശ്വരി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരയും ഉത്സവബലിയും കിഴക്കേനട നിവാസികളുടെ താലപ്പൊലിയും നടക്കും. ഉത്സവബലി രാവിലെ 9 ന് ആരംഭിക്കും. വൈകിട്ട് 41 ചമയവിളക്കിന്റെ അകമ്പടിയോടുകൂടിയുള്ള കാഴ്ചശ്രീബലിയുമുണ്ടാകും. പി.ഷാജി, പി.ബി രാജീവ്, കൃത്യവാസൻ, പി.ശാന്തപ്പൻ, സി.രാധാകൃഷ്ണൻ, എന്നിവർ രക്ഷാധികാരികളും ഗീത ചെയർപേഴ്സണും സീമാശാന്തപ്പൻ കൺവീനറുമായുള്ള കിഴക്കേനട നിവാസികളുടെ വകയായുള്ള താലപ്പൊലി ഫിനിഷിംഗ് പോയിന്റിൽ നിന്നും ഗരുഡൻ, അമ്മൻ കുടം, ചെണ്ടമേളം, നിശ്ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് കിടങ്ങാംപറമ്പ് ദേവീസന്നിധിയിലേക്ക് എത്തിച്ചേരും.
കിടങ്ങാംപറമ്പിൽ ഇന്ന്
ഉത്സവബലി രാവിലെ 9ന്, നാരായണീയ പാരയണം 10ന്, അന്നദാനം ഉച്ചക്ക് 12ന്, തിരുവാതിര വൈകിട്ട് 6ന്, ദേശതാലം 6.30ന്, നാടകം വൈകിട്ട് 7ന്, വിളക്കെഴുന്നള്ളിപ്പ് 9ന്.
മുല്ലക്കലിൽ ഇന്ന്
ഭജൻസ് രാവിലെ 7.30ന്, ശ്രീബലി 8.30ന്, കളഭാഭിഷേകം 10.30ന്, പ്രസാദമൂട്ട് ഉച്ചക്ക് 12.30ന്, ഓട്ടൻതുള്ളൽ 1ന്, തിരുവാതിര വൈകിട്ട് 7ന്, വയലിൻ ഫ്യൂഷൻ 7.30ന്, എതിരേൽപ്പ് രാത്രി 10.30ന്, തീയാട്ടം 11ന്.